ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷൻ പുതിയ ഭരണസമിതി അധികാരമേറ്റു
text_fieldsഷാർജ ഇന്ത്യന്‍ അസോസിയേഷന്‍റെ പുതിയ ഭരണസമിതി സത്യപ്രതിഞ്ജ ചൊല്ലി അധികാരമേറ്റെടുക്കുന്ന ചടങ്ങിൽനിന്ന്
ഷാര്‍ജ: ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍റെ പുതിയ ഭരണ സമിതി, സത്യപ്രതിഞ്ജ ചൊല്ലി അധികാരമേറ്റെടുത്തു. ഗുബൈബയിലെ ഷാർജ ഇന്ത്യൻ സ്കൂളിൽ ശനിയാഴ്ച രാത്രി നടന്ന ചടങ്ങിലാണ് കെ. ബാലകൃഷ്ണന്‍ പ്രസിഡന്‍റും അഡ്വ. വൈ.എ. റഹീം ജനറല്‍ സെക്രട്ടറിയുമായ പുതിയ മാനേജിങ് കമ്മിറ്റി അധികാരമേറ്റത്.
വാശിയേറിയ ത്രികോണ മത്സരത്തിൽ കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനയായ ഇന്‍കാസിന്‍റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണിയാണ് ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് ഭരണം തിരിച്ചു പിടിച്ചത്. ഇന്‍കാസ് നേതാക്കളായ കെ. ബാലകൃഷ്ണന്‍, അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റും കെ.എം.സി.സി യു.എ.ഇ നാഷനല്‍ കമ്മിറ്റി ട്രഷറുമായ നിസാര്‍ തളങ്കരയെയും അഡ്വ. വൈ.എ. റഹീം സി.പി.എം അനുഭാവ പ്രവാസി സംഘടനാ നേതാവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി. ശ്രീപ്രകാശിനെയുമാണ് പരാജയപ്പെടുത്തിയത്.
ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‌പോര്‍ട്ട് വിഭാഗം കോണ്‍സല്‍ സുനില്‍ കുമാര്‍ എല്ലാവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. കെ. ബാലകൃഷ്ണന്‍ നാലാം തവണയാണ് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റാകുന്നത്. ജനറല്‍ സെക്രട്ടറിയായി ഇത് മൂന്നാം തവണയാണ് അഡ്വ. വൈ.എ. റഹീം ചുമതലയേറ്റത്.
അഡ്വ. അന്‍സാര്‍ താജ് ജോയന്‍റ് ജനറല്‍ സെക്രട്ടറിയായും, അനില്‍ ലാല്‍ പുരുഷോത്തമന്‍ ജോ. ട്രഷററായും ഓഡിറ്ററായി തങ്കച്ചന്‍ മണ്ഡപത്തിലും സത്യവാചകം ചൊല്ലി. കൂടാതെ, ഭരണ സമിതി അംഗങ്ങളായി വിജയിച്ച മതേതര ജനാധിപത്യ മുന്നണിയിലെ, അഭിലാഷ് രത്നാകരന്‍, ജാഫര്‍ കണ്ണാട്ട് , റോയ് മാത്യു, അനില്‍ കുമാര്‍ കെ.ജി പിള്ള എന്നിവരും, ജനാധിപത്യ മുണിയില്‍ നിന്നുള്ള പ്രദീഷ് ചിതറയും അബ്ദുൽ മനാഫും സത്യപ്രതിഞ്ജ ചൊല്ലി. അതേസമയം, വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ, ട്രഷറര്‍ ജിബി ബേബി, കെ.കെ. താലിബ് എന്നിവര്‍ക്ക് ചടങ്ങിന് പങ്കെടുക്കാനായില്ല.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ പ്രസിഡന്‍റും കെ.എം.സി.സി നേതാവുമായ നിസാര്‍ തളങ്കരയുടെ അസാന്നിധ്യം ചടങ്ങിൽ ശ്രദ്ധേയമായി. എന്നാല്‍, നിരവധി കെ.എം.സി.സി പ്രവര്‍ത്തകരും, മത്സരത്തിൽ പരാജയപ്പെട്ട മുന്‍ ജനറല്‍ സെക്രട്ടറി പി. ശ്രീപ്രകാശും സത്യപ്രതിഞ്ജാ ചടങ്ങില്‍ സംബന്ധിച്ചു. ഷാര്‍ജ എസ്.എസ്.ഡി എന്ന സര്‍ക്കാര്‍ മന്ത്രാലയത്തിലെ അബ്ദുല്ല ബു അലി, ത്വയ്യിബ് അബ്ദുർ റഹ്‌മാന്‍, റിട്ടേണിങ് ഓഫീസര്‍ പോള്‍ ടി. ജോസഫ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

