ഷാർജ ഹരിത ഊർജ പദ്ധതി: വൈദ്യുതി എത്തിച്ചത് 2000 വീടുകൾക്ക്
text_fieldsഷാർജയിൽ കഴിഞ്ഞ വർഷം ആരംഭിച്ച മാലിന്യ സംസ്കരണ പ്ലാന്റ്
ഷാർജ: കാർബൺ ബഹിർഗമനം കുറക്കാൻ ലക്ഷ്യമിട്ട് ഷാർജയിൽ ആരംഭിച്ച ഹരിത ഊർജ പദ്ധതിയിൽ ആദ്യ വർഷം വൈദ്യുതി ലഭിച്ചത് 2000 വീടുകൾക്ക്. ഒരുലക്ഷം ടൺ മാലിന്യത്തിൽ നിന്നാണ് 2000 വീടുകൾക്ക് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിച്ചത്. 1,80,000 പേർ പ്രതിവർഷം ഒരുലക്ഷം ടൺ മാലിന്യം പുറന്തള്ളുന്നുണ്ടെന്നാണ് കണക്ക്. ഇങ്ങനെ തള്ളുന്ന മാലിന്യങ്ങൾ ഇതുവരെ കുഴിച്ചുമൂടുകയായിരുന്നു പതിവ്. എന്നാൽ, ഷാർജ വേസ്റ്റ് ടു എനർജി പദ്ധതി ആരംഭിച്ചതോടെ ഇതിന് വലിയ രീതിയിൽ പരിഹാരം കാണാനായി.
എമിറേറ്റ്സ് വേസ്റ്റ് എനർജി പദ്ധതിക്ക് കീഴിൽ ബീഹ് എനർജി, മസ്ദർ കമ്പനികൾ ഉൾപ്പെടുന്ന സംയുക്ത സംരംഭമാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്. കഴിഞ്ഞ വർഷം 250 ടൺ ഇരുമ്പ് മാലിന്യവും ശേഖരിക്കാനായതായി അധികൃതർ അറിയിച്ചു. മേഖലയിലെ ആദ്യപദ്ധതിയാണ് ഷാർജ വേസ്റ്റ് ടു എനർജി പ്ലാൻ. ഇതുവഴി ഒന്നരലക്ഷം ടൺ കാർബൺ ബഹിർഗമനം വർഷത്തിൽ ഇല്ലാതാക്കാനായി. എമിറേറ്റ്സിലെ ഹരിതഗൃഹ വാതകത്തിന്റെ 60 ശതമാനവും മാലിന്യനിക്ഷേപത്തിൽനിന്ന് അഴുകുന്ന മാലിന്യത്തിൽനിന്നാണ് വരുന്നതെന്ന് ബീഹ് എനർജി വ്യക്തമാക്കി.
എന്നാൽ, പ്ലാന്റ് ആരംഭിച്ചതുമുതൽ ഷാർജയിൽനിന്ന് 10 ശതമാനം മാത്രമാണ് കാർബൺ ബഹിർഗമനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം കുറക്കാൻ സാധിച്ചു. പശ്ചിമേഷ്യയെ സീറോ വേസ്റ്റ് സിറ്റിയാക്കി മാറ്റുകയെന്ന സ്വപ്നത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും അവർ പറഞ്ഞു.
യു.എ.ഇയുടെ സുസ്ഥിരത വർഷമെന്ന അജണ്ടയുടെ ഭാഗമായി നടപ്പാക്കിയ വിജയകരമായ പദ്ധതിക്ക് ഉദാഹരണമാണിതെന്ന് ബീഹ് എനർജി ഗ്രൂപ് ചീഫ് ഖാലിദ് അൽ ഹുറൈമൽ പറഞ്ഞു. കുഴിച്ചുമൂടപ്പെടുന്ന 90 ശതമാനം മാലിന്യങ്ങളെയും ഊർജമാക്കി മാറ്റുന്നതിൽ റെക്കോഡ് നേട്ടമാണ് ഈ വർഷം കൈവരിക്കാനായത്. സുസ്ഥിര മാലിന്യ നിയന്ത്രണ പദ്ധതിക്ക് ഇത് വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷത്തിൽ മൂന്നുലക്ഷം മാലിന്യം ശേഖരിച്ച് പ്രതിവർഷം 30 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന രീതിയിൽ പ്ലാന്റിന്റെ പ്രവർത്തനം വിപുലപ്പെടുത്താനും പദ്ധതിയുണ്ട്. ഇതുവഴി വർഷത്തിൽ 4.5 ലക്ഷം ടൺ കാർബൺ ഡയോക്സൈഡിന്റെ ബഹിർഗമനം ഇല്ലാതാക്കാനും 45 മില്യൺ ക്യുബിക് മീറ്റർ പ്രകൃതിവാതകം ഉണ്ടാക്കാനും സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഷാർജയിൽ കുഴിച്ചുമൂടപ്പെടുന്ന 90 ശതമാനം മാലിന്യങ്ങളും സംസ്കരിക്കുന്നതിൽ മുഖ്യപങ്കാണ് പ്ലാന്റ് വഹിച്ചതെന്ന് മസ്ദർ ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അൽ റമാഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

