ഷാർജ: സാങ്കേതിക വിദ്യയുടെ കൂടെ നടക്കണമെന്ന പാഠം ഏതു കാലത്തും ലോകത്തിന് പകർന്നിട്ടുണ്ട് ലോക പുസ്തക തലസ്ഥാനമായ ഷാർജ. പാർക്കിങ് ഫീസ് അടക്കുന്നതിനായി ടച്ച്സ്ക്രീൻ സാങ്കേതികവിദ്യയുള്ള 400ൽ അധികം നൂതന ഉപകരണങ്ങൾ ഷാർജ മുനിസിപ്പാലിറ്റി പുറത്തിറക്കി.
എല്ലാ സേവനങ്ങളും ഡിജിറ്റലിലേക്ക് മാറ്റുവാനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇവ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നതെന്ന് നഗരസഭ ഡയറക്ടർ ജനറൽ താബിത് സലീം അൽ താരിഫി പറഞ്ഞു. ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകാനും അവരുടെ സമയവും ഊർജവും ലാഭിക്കാനും മുനിസിപ്പാലിറ്റി ശ്രദ്ധാലുവാണ്.
ഈ ലക്ഷ്യം കൈവരിക്കുന്നതിന് സിവിൽ ബോഡിയുടെ എല്ലാ വകുപ്പുകളും ഊർജസ്വലമായി പ്രവർത്തിക്കുന്നുവെന്ന് താരിഫി പറഞ്ഞു. ഷാർജ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ 8519 പെയ്ഡ് പാർക്കിങ് സ്ഥലങ്ങൾ മുനിസിപ്പാലിറ്റിക്കുണ്ടെന്ന് ഉപഭോക്തൃ സേവന മേഖല അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ഖാലിദ് ബിൻ ഫലാഹ് അൽ സുവൈദി പറഞ്ഞു. ടച്ച് സ്‌ക്രീൻ പാർക്കിങ് മീറ്ററിൽ റെക്കോഡുചെയ്‌ത വാഹന നമ്പറുകൾ തിരിച്ചറിയാൻ കഴിയുന്ന നൂതന കാമറകളാണ് സ്മാർട്ട് സ്‌ക്രീനിങ് വാഹനങ്ങളിൽ ഉള്ളത്.