ഷാർജയിൽ ഇനി ഇസ്ലാമിക കലയുടെ ആഘോഷ നാളുകൾ
text_fieldsഷാർജ: സംസ്കാരങ്ങൾ സംഘട്ടനത്തിനല്ല സമന്വയത്തിനും സമാധാനത്തിനുമാണെന്ന് ഉദ്ഘോഷിച്ച് ഇസ്ലാമിക കലയുടെ വസന്തോത്സവം ഷാർജയിൽ കൊടിയേറുന്നു. സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ൈശഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ പ്രചോദത്തിൽ സംഘടിപ്പിക്കുന്ന ഉത്സവത്തിെൻറ ഇരുപതാം പതിപ്പ് ഡിസംബർ 13ന് ആരംഭിക്കും. ൈശഖ് ഡോ. സുൽത്താൻ ഉദ്ഘാടനം ചെയ്യുന്ന മേള 40 ദിവസം നീളുമെന്ന് ഷാർജ കൾച്ചർ ആൻറ് ഇൻഫർമേഷൻ വിഭാഗം ചെയർമാൻ അബ്ദുല്ലാ അൽ ഉവൈസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മേളയുടെ ഇൗ വർഷത്തെ പ്രമേയം അസർ അഥവാ സ്വാധീനം എന്നതാണ്. കിഴക്കും പടിഞ്ഞാറും തമ്മിലെ അകലം കുറക്കുന്നതും കലാമൂല്യങ്ങളെ ഏകോപിക്കുന്നതുമാവും അവതരിപ്പിക്കുന്ന കലാരൂപങ്ങൾ. 44 പ്രദർശനങ്ങളിൽ 31 എണ്ണം ഷാർജ ആർട്ട് മ്യൂസിയത്തിൽ നടക്കും. അൽ മജാസ് വാട്ടർഫ്രണ്ട്, അൽ മജാസ് ആംഫിതീയർ, ഒൗഖാഫ് വിഭാഗം, അൽ ഖസബ, മരായ ആർട് സെൻറർ, കാലിഗ്രഫി സ്ക്വയർ എന്നിവയാണ് മറ്റു വേദികൾ.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ചിത്രകാർ, ശിൽപികൾ, കലാപ്രവർത്തകർ, ഗവേഷകർ എന്നിവർ എത്തുമെന്ന് ഫെസ്റ്റിവൽ എക്സിക്യൂട്ടിവ് ഫറാഹ് ഖാസിം മുഹമ്മദ് വ്യക്തമാക്കി. ശിൽപശാലകൾ,പ്രദർശനങ്ങൾ, സംവാദങ്ങൾ എന്നിവയും ഇക്കാലയളവിലുണ്ടാവും. ബുനിയാൻ എന്ന പ്രമേയത്തിൽ കഴിഞ്ഞ വർഷം നടന്ന ഫെസ്റ്റിവൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.