റമദാനിൽ പെയ്ഡ് പാർക്കിങ് സമയം നീട്ടി ഷാർജ
text_fieldsഷാർജ: റമദാനിൽ എമിറേറ്റിലെ പൊതു പാർക്കിങ് ഇടങ്ങളിൽ ഫീസ് ഈടാക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ച് ഷാർജ സിറ്റി മുനിസിപ്പാലിറ്റി. രാവിലെ എട്ട് മുതൽ അർധരാത്രിവരെ പെയ്ഡ് പാർക്കിങ് സ്ഥലങ്ങളിൽ ഫീസ് ഈടാക്കും. അതേസമയം, നഗരത്തിലെ പാർക്കുകൾ വൈകീട്ട് നാലു മുതൽ അർധരാത്രി വരെ തുറന്നിടും. അൽ സെയൂഹ് ഫാമിലി പാർക്ക്, അൽ സെയൂഹ് ലേഡീസ് പാർക്ക്, ഷാർജ നാഷനൽ പാർക്ക്, അൽ റോള പാർക്ക് എന്നിവ വൈകീട്ട് നാലു മുതൽ ഒരു മണിവരെ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
റമദാന് മുന്നോടിയായി എമിറേറ്റിലെ ഭക്ഷ്യ സ്ഥാപനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി സമഗ്ര പദ്ധതി മുനിസിപ്പാലിറ്റി തയാറാക്കിയിട്ടുണ്ട്. ഭക്ഷ്യ വിൽപന നടത്തുന്ന ഔട്ട്ലറ്റുകൾക്ക് മേൽനോട്ടം വഹിക്കാൻ 380 പേരടങ്ങുന്ന പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. മേഖലയിലെ തെറ്റായ പ്രവൃത്തികളും കാഴ്ച മുടങ്ങുന്ന രീതിയിലുള്ള പുറം വ്യാപാരം തടയുകയാണ് ലക്ഷ്യം. കൂടാതെ റമദാനിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ നൽകിത്തുടങ്ങിയതായും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
ഭക്ഷ്യ വസ്തുക്കൾ ഹോട്ടലിന് പുറത്ത് പ്രദർശിപ്പിക്കാനും പാകം ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് പെർമിറ്റിന് അപേക്ഷ നൽകാമെന്ന് ഈ മാസം 17ന് മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു. അതിനായുള്ള വിവിധ മാർഗങ്ങളും ഇതിൽ പരാമർശിച്ചിരുന്നു.
റമദാനിൽ അർധരാത്രിക്കുശേഷം വ്യാപാരം നടത്തുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം മാർച്ച് ഒന്നിനായിരിക്കും വ്രതാരംഭമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

