ഷാർജ സിവിൽ ഡിഫൻസ് പരിശോധനകൾ സജീവമാക്കി
text_fieldsഷാർജ സിവിൽ ഡിഫൻസ് ജീവനക്കാരൻ അഗ്നിരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നു
ഷാർജ: സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും തീപിടിത്തം തടയുന്നതിനുമായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി എമിറേറ്റിലെ വ്യവസായിക, വാണിജ്യ മേഖലകളിലും റെസിഡൻഷ്യൽ കെട്ടിടങ്ങളിലും ടവറുകളിലും പരിശോധനാ കാമ്പയിനുകൾ ശക്തമാക്കി.
വെയർഹൗസുകൾ, വർക്ക്ഷോപ്പുകൾ, വാണിജ്യ സംഭരണ സൗകര്യങ്ങൾ എന്നിവിടങ്ങളിൽ നേരത്തെ തീരുമാനിച്ചതും അപ്രതീക്ഷിതവുമായ പരിശോധനകളാണ് നടത്തുന്നത്. തുടർന്നുവരുന്ന ഫീൽഡ് പരിശോധനകളുടെ ഭാഗമായാണ് കാമ്പയിൻ നടക്കുന്നത്. അഗ്നി പ്രതിരോധ, അലാറം സംവിധാനങ്ങളുടെ കാര്യക്ഷമത, വൈദ്യുതി സുരക്ഷ, പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കളുടെ സംഭരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിശോധനകൾ. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് മാത്രമല്ല, ബോധവത്കരണം കൂടി ലക്ഷ്യമിട്ടാണ് കാമ്പയിൻ നടക്കുന്നതെന്ന് അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.
ജോലിസ്ഥലങ്ങളിൽ ശരിയായ പ്രതിരോധ സംസ്കാരം വളർത്തിയെടുക്കാൻ സഹായിക്കുന്നതിന് ഇൻസ്പെക്ടർമാർ മികച്ച സുരക്ഷാരീതികളെക്കുറിച്ച് തൊഴിലാളികൾക്ക് ബോധവത്കരണം നൽകുന്നുണ്ട്. സുരക്ഷ ഉറപ്പാക്കാൻ എല്ലാ തൊഴിലാളികളുടെയും ബിസിനസ് ഉടമകളുടെയും മുഴുവൻ സമൂഹത്തിന്റെയും അവബോധവും സജീവപങ്കാളിത്തവും ആവശ്യമാണെന്ന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ ബ്രി. യൂസഫ് ഉബൈദ് ബിൻ ഹർമൂൽ അൽ ശംസി പറഞ്ഞു. സുരക്ഷയിലും പ്രതിരോധത്തിലും ഷാർജയെ ഒരു മാതൃകാ നഗരമാക്കി മാറ്റുകയെന്ന നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

