പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാർജ സിവിൽ ഡിഫൻസ്
text_fieldsഷാർജ: എമിറേറ്റിലെ ബിസിനസ് മേഖലക്ക് ആശ്വാസമാകുന്ന തരത്തിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ച് ഷാർജ സിവിൽ ഡിഫൻസ്. നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിലും അഗ്നിശമന സേവനവുമായി ബന്ധപ്പെട്ട ചെലവുകളിലും 50 ശതമാനം ഇളവാണ് അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ഷാർജ എക്സിക്യൂട്ടിവ് കൗൺസിലിന്റെ നിർദേശപ്രകാരമാണ് ബിസിനസ് സൗഹൃദ അന്തരീക്ഷം ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക ആശ്വാസ പദ്ധതി.
2019 മുതൽ 2026 വരെയുള്ള കാലയളവിൽ രേഖപ്പെടുത്തിയ പിഴകൾക്കാണ് 50 ശതമാനം ഇളവ് ലഭിക്കുക. 2026 ജൂൺ 16 മുതൽ ആരംഭിച്ച ഈ ആനുകൂല്യം മൂന്ന് മാസത്തേക്ക് ലഭ്യമായിരിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഷാർജ സിവിൽ ഡിഫൻസിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ 06 516 3333 എന്ന നമ്പറിലോ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. മുൻപ് ലഭിച്ച ഭരണപരവും നിയന്ത്രണപരവുമായ നിയമലംഘന പിഴകളിൽ 50 ശതമാനം ഇളവ് ലഭിക്കും.
ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനപ്രകാരം, ബിസിനസ് മേഖലയെ പിന്തുണക്കുന്നതിനും എമിറേറ്റിലെ സാമ്പത്തിക അന്തരീക്ഷം ശക്തമാക്കുന്നതിനുമായി ഷാർജ പൊലീസ് ഈ ആഴ്ച ആദ്യം ഇളവ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. സെക്യൂരിറ്റി പെർമിറ്റ് പുതുക്കൽ ഫീസ്, നിയമലംഘന പിഴകൾ, സെക്യൂരിറ്റി സിസ്റ്റം സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് എന്നിവയിൽ 50 ശതമാനം കുറവും നിർബന്ധിത പരിശീലന പരിപാടികളുടെ ഫീസിൽ 20 ശതമാനം കുറവും ഷാർജ പൊലീസ് പ്രഖ്യാപിച്ച പാക്കേജിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

