വേനലിൽ തൊഴിലാളികൾക്ക് സഹായമൊരുക്കാൻ ഷാർജ ചാരിറ്റി
text_fieldsഷാർജ: തൊഴിലാളികൾക്കും ചെറിയ വരുമാനക്കാരായ കുടുംബങ്ങൾക്കും വേനൽക്കാലത്ത് സഹായവുമായി ഷാർജ ചാരിറ്റി അസോസിയേഷൻ. ‘റിലീഫ് ആൻഡ് കംഫർട്’ എന്ന പേരിലാണ് വേനൽക്കാല കാമ്പയിൻ ആരംഭിച്ചത്. കാമ്പയിനിന്‍റെ ഭാഗമായി ആവശ്യക്കാരായ കുടുംബങ്ങൾക്ക് കൂളിങ് ഉപകരണങ്ങളും ഇലക്ട്രിക്കൽ വസ്തുക്കളും നൽകും. കൂടാതെ വിവിധ കമ്പനികളിലും ജോലിസ്ഥലങ്ങളിലുമുള്ള തൊഴിലാളികൾക്ക് ശീതളപാനീയങ്ങൾ വിതരണം ചെയ്യാനും ആരംഭിച്ചിട്ടുണ്ട്.
കഠിനമായ വേനൽച്ചൂട് നേരിട്ട് ബാധിക്കുന്ന ഏറ്റവും ദുർബലരായ ആളുകളെ സഹായിക്കുന്നതിനാണ് കാമ്പയിനെന്ന് അസോസിയേഷൻ കോർപറേറ്റ് കമ്യൂണിക്കേഷൻ ആൻഡ് മാർക്കറ്റിങ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം ബിൻ നാസർ പറഞ്ഞു. ഇത്തരം വ്യക്തികൾക്ക് ദൈനംദിന ജോലി സുരക്ഷിതമായും ആശ്വാസത്തോടെയും തുടരാൻ സഹായിക്കുകയാണ് കാമ്പയിനിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു.
ചാരിറ്റിയുടെ ഫീൽഡ് ടീമംഗങ്ങൾ തൊഴിലാളികൾക്ക് ജോലിസ്ഥലങ്ങളിൽ കുടിവെള്ളവും തണുത്ത ജ്യൂസുകളും വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ചൂട് കാലത്തുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും ഉയർന്ന താപനിലയിൽ എങ്ങനെ സുരക്ഷിതരായിരിക്കാമെന്നതിനെക്കുറിച്ചും ടീമംഗങ്ങൾ ബോധവത്കരണം നൽകുന്നുമുണ്ട്. സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും വളരെയധികം ശ്രദ്ധിക്കേണ്ടത് ചുമതലയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
കൊടുംചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായി ഈ മാസം 15 മുതൽ അധികൃതർ ഉച്ചവിശ്രമം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് മൂന്നു മാസക്കാലം ഉച്ചക്ക് 12:30 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ ജോലികൾ പാടില്ല. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് നിയമം നിലവിലുണ്ടാവുക. തുടർച്ചയായി 21ാം വർഷമാണ് രാജ്യത്ത് തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

