ഷാർജ ചാരിറ്റി നടപ്പിലാക്കിയത് 20 കോടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ
text_fieldsഷാർജ: നടപ്പുവർഷം ആദ്യ മൂന്നു പാദങ്ങളിലായി ഷാർജ ചാരിറ്റി ഇന്റർനാഷനൽ (എസ്.സി.ഐ) ആഗോള തലത്തിൽ നടത്തിയത് 12,700 ജീവകാരുണ്യ, വികസന പദ്ധതികൾ. 20 കോടി ദിർഹം ചെലവിട്ട് നടത്തിയ പദ്ധതിയിലെ 13 ലക്ഷം ഗുണഭോക്താക്കളിലെത്തിക്കാൻ കഴിഞ്ഞതായി എസ്.സി.ഐ അറിയിച്ചു. സംഭാവന ദാതാക്കളുടെ ശക്തമായ പിന്തുണയും സമൂഹത്തിന്റെ തുടർച്ചയായ വിശ്വാസവുമാണ് ജീവകാരുണ്യ രംഗത്ത് പുതിയ നാഴികക്കല്ല് പിന്നിടാൻ എസ്.സി.ഐക്ക് സാധിച്ചതെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല സുൽത്താൻ ബിൻ ഖാദിം പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നതിൽ എസ്.സി.ഐ പ്രതിജ്ഞാബദ്ധമാണ്. സുസ്ഥിരമായ ദാനം, ആഗോള മാനുഷിക സ്വാധീനം എന്നിവയെ കുറിച്ചുള്ള യു.എ.ഇ നേതാക്കളുടെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് ലോകത്തുടനീളമുള്ള ദുർബല സമൂഹങ്ങളെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എസ്.സി.ഐയുടെ പ്രവർത്തനങ്ങൾ.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾക്കുമാണ് ഏറ്റവും കൂടുതൽ തുക ചെലവിട്ടത്. 17.7 കോടി ദിർഹം. 10.4 കോടി ചെലവിൽ 1,838 പള്ളികൾ, 3.57 കോടി ചെലവിൽ 9,166 കിണറുകൾ, 32 ഉപ്പുവെള്ള ശുദ്ധീകരണ ശാലകൾ, 121 സ്കൂൾ ക്ലാസ് റൂമുകൾ എന്നിവയുടെ നിർമാണം ഇതിൽ ഉൾപ്പെടും. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കായി എസ്.സി.ഐ 100 വീടുകളും നിർമിച്ചുനൽകിയിട്ടുണ്ട്. കൂടാതെ 47 ജീവകാരുണ്യ പദ്ധതികളും പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി 913 വരുമാന മാർഗങ്ങളും നടപ്പിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

