ഷാർജ ചേംബറിൽ ഈ വർഷം 5000ത്തോളം പുതിയ അംഗങ്ങൾ
text_fieldsഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ബോർഡ് യോഗം
ഷാർജ: എമിറേറ്റിലെ വാണിജ്യ, വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ 2023 സെപ്റ്റംബർ വരെ പുതുതായി അംഗങ്ങളായത് 5000ത്തോളം കമ്പനികൾ. ചേംബറിന്റെ പ്രധാന ബ്രാഞ്ചിലും അൽ ദൈദ്, ഖോർഫക്കാൻ, ദിബ്ബ അൽ ഹിസ്ൻ, കൽബ എന്നീ ബ്രാഞ്ചുകളിലുമായി ആകെ അംഗങ്ങൾ ഇതോടെ 45,373 ആയി. ഈ കമ്പനികളുടെ ആകെ കയറ്റുമതി, പുനർ കയറ്റുമതി മൂല്യം 1700 കോടി ദിർഹമിലെത്തിയെന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
എമിറേറ്റിലെ സാമ്പത്തിക മേഖലയെ സുസ്ഥിരമായി വികസിപ്പിക്കാനുള്ള നയത്തിന്റെ വിജയമാണ് അംഗങ്ങളുടെ എണ്ണത്തിലുണ്ടായ വർധന അടയാളപ്പെടുത്തുന്നതെന്ന് ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ചേംബറിന്റെ നിലവിലെ പ്രവർത്തനങ്ങളും പദ്ധതികളും യോഗം വിലയിരുത്തുകയും ചെയ്തു.
2023-24 വർഷത്തെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നുവെന്നതാണ് നേട്ടങ്ങൾ കാണിക്കുന്നതെന്ന് ചെയർമാൻ പ്രസ്താവിച്ചു. 2023ൽ മാത്രം 40,392 കമ്പനികൾ അംഗത്വം പുതുക്കുകയും 1674 ഫ്രീസോൺ കമ്പനികൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഷാർജയിൽ നിക്ഷേപാന്തരീക്ഷവും സംരംഭകർക്ക് ഏറ്റവും മികച്ച ലക്ഷ്യ സ്ഥാനമാണെന്നും അതിന്റെ സ്ഥാനവും മെച്ചപ്പെട്ടതാണ് വളർച്ച സൂചിപ്പിക്കുന്നതെന്ന് ചേംബർ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ അവാദി പറഞ്ഞു.
ബിസിനസ് മേഖലയെ പ്രോത്സാഹിപ്പിക്കുക, സുസ്ഥിര സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കുന്ന രീതികൾ പ്രോത്സാഹിപ്പിക്കുക, ഷാർജയിലെ കയറ്റുമതിയെ വികസിപ്പിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുക, വിദേശ വ്യാപാര വിനിമയ സംവിധാനം വികസിപ്പിക്കുന്നതിന് പങ്കാളിത്തം വർധിപ്പിക്കുക, നിക്ഷേപം ആകർഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചേംബർ പ്രവർത്തിക്കുന്നത്. ഈ മേഖലകളിലെ നേട്ടങ്ങളും യോഗം ചർച്ച ചെയ്തു. ചേംബറിന്റെ കിഴക്കൻ, മധ്യ മേഖലകളിലെ ശാഖകളുടെ പ്രവർത്തനവും വിവിധ മേളകളുടെയും പരിപാടികളുടെയും മികച്ച പ്രതികരണവും അധികൃതർ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

