ഷാർജ ചേംബർ പ്രതിനിധികളുടെ ഇന്ത്യ സന്ദർശനം പൂർത്തിയായി
text_fieldsഅഹ്മദാബാദിൽ നടന്ന ബിസിനസ് ഫോറത്തിൽ പങ്കെടുക്കുന്ന ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധികൾ
ഷാർജ: ഉഭയകക്ഷി വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ) പ്രതിനിധികൾ നടത്തിയ ഇന്ത്യ സന്ദർശനം പൂർത്തിയായി. ഷാർജ എക്സ്പോർട്സ് ഡെവലപ്മെന്റ് സെന്ററിനെ (എസ്.ഇ.ഡി.സി) പ്രതിനിധീകരിച്ചാണ് ചേംബർ അംഗങ്ങൾ ഇന്ത്യയിൽ സന്ദർശനം നടത്തിയത്. അഹ്മദാബാദിൽ ഷാർജ ചേംബർ നടത്തിയ ബിസിനസ് ഫോറത്തിൽ പങ്കെടുത്ത പ്രതിനിധികൾ ഇന്ത്യയിലെ വാണിജ്യരംഗത്തെ പ്രമുഖരുമായി ചർച്ചകൾ നടത്തി. ഇമാറാത്തികളും ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ പങ്കാളികളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വ്യാവസായിക, നിക്ഷേപ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള പ്രധാന അവസരമായാണ് ബിസിനസ് ഫോറത്തെ വിലയിരുത്തുന്നത്.
എസ്.സി.സി.ഐ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്, സെക്കൻഡ് വൈസ് ചെയർമാൻ വലീദ് അബ്ദുൽ റഹ്മാൻ ബുകാതിർ, ബോർഡ് അംഗം ജമാൽ മുഹമ്മദ് സുൽത്താൻ ബിൻഹുവൈദിൻ എന്നിവരാണ് ബിസിനസ് ഫോറത്തിൽ പങ്കെടുത്തവർ. എസ്.സി.സി.ഐ കമ്യൂണിക്കേഷൻ ആൻഡ് ബിസിനസ് സെക്ടർ അസി. ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ ശംസി, ഷാർജ എക്സ്പോർട്ട് ഡെവലപ്മെന്റ് സെന്റർ ഡയറക്ടർ അലി അബ്ദുല്ല അൽ ജാരി, എസ്.സി.സി.ഐ കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ ജമാൽ സഈദ് ബുസിഞ്ചാൽ, മറ്റ് ചേംബർ ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് 371 കോടി ഡോളറിന്റെ കയറ്റുമതി വ്യാപാരം നടന്നതായി ബിസിനസ് ചേംബറിൽ സംസാരിക്കവെ അബ്ദുല്ല അൽ ഉവൈസ് പറഞ്ഞു. യു.എ.ഇയുടെ എണ്ണയിതര ഉൽപന്ന കയറ്റുമതിരംഗത്ത് ഇന്ത്യയാണ് ഒന്നാമത്. യു.എ.ഇയുടെ എണ്ണയിതര ഉൽപന്നങ്ങളുടെ മൊത്തം കയറ്റുമതിയുടെ 13.5 ശതമാനം ഇന്ത്യയിലേക്കാണ്. 2023നെ അപേക്ഷിച്ച് ഈ മേഖലയിൽ 75.2 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.ഇന്ത്യൻ സംരംഭകരുടെ പ്രധാന നിക്ഷേപ സ്ഥലങ്ങളിൽ ഒന്നാണ് ഷാർജ. 20,000 ഇന്ത്യൻ കമ്പനികളുടെ ആസ്ഥാനം എമിറേറ്റിൽ പ്രവർത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിനസ് ഫോറത്തിന്റെ ഭാഗമായി അഹ്മദാബാദിലെ നിരവധി സാമ്പത്തിക സ്ഥാപനങ്ങളിൽ ഷാർജ പ്രതിനിധികൾ സന്ദർശനം നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

