ഷാർജയിൽ മിനിബസ് കത്തിനശിച്ചു
text_fieldsഷാർജ: കിങ് ഫൈസൽ റോഡിൽ തൊഴിലാളികളുമായി പോകുകയായിരുന്ന മിനിബസിന് തീപ്പിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ യാത്രക്കാരെ അപകടത്തിൽനിന്ന് രക്ഷപ്പെടുത്തി. എൻജിൻ പ്രവർത്തിച്ച ഉടനെ പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഉടൻ ഡ്രൈവർ യാത്രക്കാരോട് പുറത്തിറങ്ങാൻ നിർദേശിക്കുകയായിരുന്നു. യാത്രക്കാർ പുറത്തിറങ്ങിയതിനു പിന്നാലെ ബസ് കത്തുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് 2.40നാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് ഷാർജ സിവിൽ ഡിഫൻസിലെ മേജർ ഹാനി അൽ ദഹ്മാനി പറഞ്ഞു. രണ്ട് സിവിൽ ഡിഫൻസ് സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചതായി മേജർ പറഞ്ഞു. ബസിന് തീപിടിക്കാനിടയായ കാരണങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
