ഷാർജ പുസ്തകോത്സവം; യൂസുഫ് ഫദ്ൽ ഹസൻ 'സാംസ്കാരിക വ്യക്തിത്വം'
text_fieldsഷാർജ: നവംബർ രണ്ടിന് ആരംഭിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 41ാം എഡിഷനിലെ സാംസ്കാരിക വ്യക്തിത്വമായി സുഡാനീസ് ചരിത്രകാരനായ യൂസുഫ് ഫദ്ൽ ഹസനെ തെരഞ്ഞെടുത്തു. ചരിത്രപഠനത്തിന്റെ മേഖലയിലും രാഷ്ട്രീയ, സാംസ്കാരിക, ശാസ്ത്ര മേഖലകളിലും നൽകിയ അമൂല്യമായ സംഭാവനകൾക്കുള്ള അംഗീകാരമായാണ് 'കൾചറൽ പേഴ്സനാലിറ്റി ഓഫ് ദി ഇയർ' എന്ന സുപ്രധാന അംഗീകാരം സമ്മാനിക്കുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. ആഫ്രിക്ക, ഏഷ്യ മേഖലയിൽ ഗവേഷണവും ഡോക്യുമെന്റേഷൻ പ്രസ്ഥാനവും പ്രോത്സാഹിപ്പിക്കുകയും 30 ലധികം പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട് യൂസുഫ് ഫദ്ൽ.
വിവിധ മേഖലകളിൽ മികവുറ്റ സംഭാവനകൾ നൽകുകയും യുവതലമുറക്ക് പ്രചോദനവും മാതൃകയുമായി വർത്തിക്കുകയും ചെയ്യുന്ന വിശിഷ്ട വ്യക്തികളെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഇത്തരമൊരു പുരസ്കാരം രൂപപ്പെടുത്തിയത്. സാംസ്കാരിക വികസനത്തിന്റെ നെടുംതൂണുകളായ സർഗാത്മക വ്യക്തിത്വങ്ങളെ ആഘോഷിക്കുക എന്ന സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വീക്ഷണം അനുസരിച്ചാണ് അവാർഡ് ഏർപ്പെടുത്തിയതെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അമീരി പറഞ്ഞു. ഭാവി കെട്ടിപ്പടുക്കുന്നതിൽ യൂസുഫ് ഫദ്ൽ ഹസനെപ്പോലുള്ള വിശിഷ്ട വ്യക്തികളുടെ അമൂല്യമായ പ്രവർത്തനം അറബ് സാംസ്കാരിക ലോകത്തിന് ആവശ്യമാണെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. സുഡാനിലെ ഖർത്തൂം സർവകലാശാലയിൽ പ്രഫസറായിരുന്ന യൂസുഫ് ഫദ്ൽ ഹസൻ അറബ് ലോകത്തെ തന്നെ വിഖ്യാതനായ ചരിത്രകാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

