ഷാർജ പുസ്തകോത്സവം; ഇന്ത്യയിൽ നിന്ന് അതിഥികളായി എട്ട് പ്രമുഖർ
text_fieldsസച്ചിദാനന്ദൻ, പ്രജക്ത കോലി, പ്രഫ. പായൽ അറോറ,
എസ്. ഹുസൈൻ സൈദി, യുവാൻ അവ്സ്, ഇ. സന്തോഷ്കുമാർ, സെയ്ദ് ഐജാസുദ്ദീൻ ഷാ, സുരേന്ദ്ര ശർമ
ഷാർജ: അറബ് ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയായ 44ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാളത്തിൽ നിന്ന് കവി സച്ചിദാനന്ദനും ഇ. സന്തോഷ്കുമാറും ഉൾപ്പെടെ ഇന്ത്യയിലെ സാഹിത്യ, ചിന്താ മേഖലകളിൽ നിന്ന് പ്രമുഖർ പങ്കെടുക്കും. 1.7 കോടിയിലധികം ഫോളോവേഴ്സുള്ള പ്രമുഖ യൂടൂബറും അഭിനേത്രിയുമായ പ്രജക്ത കോലി, നരവംശ ശാസ്ത്രജ്ഞൻ പ്രഫ. പായൽ അറോറ, മുൻ മാധ്യമപ്രവർത്തകനും കഥാകൃത്തുമായ എസ്. ഹുസൈൻ സൈദി, എഴുത്തുകാരനും പ്രകൃതിശാസ്ത്രജ്ഞനുമായ യുവാൻ അവ്സ്, ഉർദു, ഹിന്ദി കവി സെയ്ദ് ഐജാസുദ്ദീൻ ഷാ, പത്മ അവാർഡ് ജേതാവും ഹാസ്യ കഥാകൃത്തുമായ സുരേന്ദ്ര ശർമ തുടങ്ങിയവരാണ് പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ. ‘നിങ്ങളും പുസ്തകവും തമ്മിൽ’ എന്ന തലക്കെട്ടിൽ നവംബർ അഞ്ചുമുതൽ 16 വരെ നീളുന്ന മേളയിൽ ഇത്തവണ ഗ്രീസാണ് അതിഥി രാജ്യം.
പ്രമുഖ നൈജീരിയൻ എഴുത്തുകാരി ചിമമന്ദ എൻഗോസി അഡീചീ, ഇറ്റാലിയൻ എഴുത്തുകാരൻ കാർലോ റോവല്ലി, ഐറിഷ് നേവലിസ്റ്റ് പോൾ ലിഞ്ച്, ബ്രിട്ടീഷ് സൈക്കോളജിസ്റ്റ് ഡോ. ജൂലി സ്മിത്ത് എന്നിവരടക്കം പ്രമുഖർ അന്താരാഷ്ട്ര തലത്തിൽ നിന്ന് മേളയുടെ ഭാഗമാകുന്നുണ്ട്. 118 രാജ്യങ്ങളിൽ നിന്നുള്ള 2350 പ്രസാധകരാണ് മേളയിൽ പ്രദർശനത്തിനെത്തുന്നത്. 66 രാജ്യങ്ങളിൽ നിന്നുള്ള 251 പ്രമുഖർ നേതൃത്വം നൽകുന്ന 1200ലേറെ പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. ഇതിൽ 300 സാംസ്കാരിക പരിപാടികളും 750 കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള ശിൽപശാലകളും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

