അക്ഷരപ്പൂരത്തിന് വിളമ്പരം മുഴങ്ങി; ഷാർജ പുസ്തകമേളയിൽ 15 ലക്ഷം ടൈറ്റിലുകൾ
text_fieldsദുബൈ: അക്ഷരസ്നേഹികൾ കാത്തുകാത്തിരുന്ന പുസ്തകങ്ങളുടെ ഉത്സവത്തിെൻറ വിളംബരം മുഴങ്ങി. 36ാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയുടെ വിശദാംശങ്ങൾ സംഘാടകർ പ്രഖ്യാപിച്ചു. 15 ലക്ഷം ടൈറ്റിലുകളിലെ പുസ്തകങ്ങളാണ് അടുത്ത മാസം ഒന്നു മുതൽ 11 വരെ ഷാർജ എക്സ്പോ സെൻററിൽ അരങ്ങേറുന്ന മേളയിൽ പ്രദർശിപ്പിക്കുക. 60 രാജ്യങ്ങളിൽ നിന്ന് 1650 പ്രസാധകർ അണിനിരക്കുന്ന മേളയിൽ 2600 ലേറെ ചടങ്ങുകളും നടക്കുമെന്ന് ഷാർജ ബുക് അതോറിറ്റി ചെയർമാൻ അഹ്മദ് അൽ അമീറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലാഭത്തിനായല്ല, പുസ്തകങ്ങളിലൂടെ സംസ്കാരം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള ഒരുക്കുന്നതെന്നും പുസ്തകങ്ങൾക്ക് മികച്ച വിലക്കുറവ് പ്രഖ്യാപിക്കുന്ന പ്രസാധകർക്ക് സൗജന്യമായി മേളയിൽ ഇടം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സംസ്കാരങ്ങളെയും ചിന്താധാരകളെയും അടുത്തറിയാനും ആശയങ്ങൾ പങ്കുവെക്കാനുമുള്ള ഏറ്റവും അനുയോജ്യ വേദിയെന്ന നിലയിൽ ‘എെൻറ പുസ്തകത്തിനുള്ളിലെ ലോകം’ എന്നാണ് മേളയുടെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. ബ്രിട്ടനാണ് മേളയിലെ വിശിഷ്ട രാജ്യം. വിശിഷ്ട രാജ്യമായ ബ്രിട്ടെൻറ പ്രത്യേക പവലിയനിൽ ഏറെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഖുർആെൻറ കൈയെഴുത്ത് പ്രതി പ്രദർശിപ്പിക്കുന്നുണ്ട്. ന്യൂയോർക്ക് സർവകലാശാലയുമായി ചേർന്ന് പ്രസാധന കോഴ്സ് ഉൾപ്പെടെ അക്കാദമിക് പരിപാടികളും ഇൗ ദിനങ്ങളിൽ നടക്കും. കുട്ടികൾക്കായി 1,632 പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പാചകമേളയും അനുബന്ധ പരിപാടികളും, സാമൂഹിക മാധ്യമ താരങ്ങൾ പെങ്കടുക്കുന്ന ചടങ്ങുകളും അരങ്ങേറും. ഷാർജ മീഡിയ കോർപറേഷൻ ഡി.ജി മുഹമ്മദ് ഖലഫ്, ഇത്തിസലാത്ത് ആക്ടിങ് ജി.എം. മുഹമ്മദ് അൽ ഒമൈമി, ഹന്നാ ഹെേൻറഴ്സൺ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.