അതിശയച്ചെപ്പ് തുറന്ന് ‘ദി മ്യൂസിക് ബോക്സ്’
text_fieldsഷാർജ: ഷാർജ പുസ്തകോത്സവത്തിൽ സന്ദർശകരെ അതിശയിപ്പിച്ച് റോമിങ് പ്രകടനമായ ‘ദി മ്യൂസിക് ബോക്സ്’. പോർചുഗീസ് കലാകാരന്മാരായ ആന്ദ്രേ ഡോസ് സാന്റോസ് വിയേര, ഹെലീന റൈസ് എന്നിവരാണ് പാവയെപ്പോലെയുള്ള രാജകുമാരിയുടെയും രാജകുമാരന്റെയും വേഷത്തിലെത്തി പുസ്തകോത്സവ ഹാളുകളിൽ കാഴ്ചക്കാരെ ഹരം കൊള്ളിച്ചത്.
കരകൗശല സംഗീതപ്പെട്ടി തിരിക്കുമ്പോൾ ചലിക്കുന്ന പ്ലാറ്റ്ഫോമിൽ നിൽക്കുന്ന രാജകുമാരി ജീവൻ വെച്ച് ഉയർന്നുവരുന്നതും, തുടർന്ന് രാജകുമാരനുമായി ചേർന്ന് കാണികളുമായി സംവദിക്കുന്നതുമാണ് ഈ ദൃശ്യവിരുന്ന്. രാജകുമാരന്മാരും രാജകുമാരിമാരും മാലാഖമാരുമുള്ള യക്ഷിക്കഥകളുടെ അന്തരീക്ഷമാണ് ഈ പ്രകടനം സമ്മാനിക്കുന്നത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന കലാസൃഷ്ടി കൂടിയായിരുന്നു ഇത്.‘ദി മ്യൂസിക് ബോക്സ്’ പ്രകടനത്തിന് പുറമെ, ‘മിസ്റ്റർ മഫിൻ ആൻഡ് മാഡം ചെറി’ എന്നീ ജനപ്രിയ കഥാപാത്രങ്ങളായും ഇവർ പുസ്തകോത്സവ വേദിയിൽ വേഷമിട്ടു.

