ഷാര്‍ജയില്‍ അക്ഷരോത്സവത്തിന് കൊടിയേറി സംസ്കാരങ്ങള്‍ക്ക് അതിര് വരമ്പുകളില്ല –ശൈഖ് സുല്‍ത്താന്‍
text_fieldsഷാര്‍ജ: മനുഷ്യ സ്നേഹത്തിെൻറ ഉദാത്തമായ ഉദാഹരണമാണ് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി. അല്‍താവൂനിലെ എക്സ്പോസെൻററില്‍ 37ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച രാവിലെ 10നാണ് അക്ഷരങ്ങളുടെ കഥ എന്ന പ്രമേയത്തില്‍ നടക്കുന്ന മേളയുടെ വാതായനങ്ങള്‍ ശൈഖ് സുല്‍ത്താന്‍ ലോകത്തിനായി തുറന്നിട്ടത്. ഷാര്‍ജയുടെ സാംസ്കാരിക ഉന്നതിക്ക് കാരണമായ ലോക നിലവാരത്തിലുള്ള പരിപാടിയാണിത്. സംസ്കാരം കെട്ടിപ്പടുക്കുന്നതിന് നാം 1979 നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ടിടമാണ് പുസ്തകമേള. 2019ല്‍ 40 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നാം നമ്മുടെ നേട്ടത്തിെൻറ സുപ്രധാന ഘട്ടം കൈവരിക്കും. മാനുഷികത നിലനിര്‍ത്തുവാന്‍ പുസ്തകമേള വഴിയൊരുക്കുന്നുണ്ട്.
അതിരുകളില്ലാത്തതാണ് സംസ്കാരങ്ങള്‍. ഇത്തവണത്തെ അതിഥി രാജ്യമായ ജപ്പാന് അകലെയുള്ള രാഷ്ട്രമാണെങ്കിലും സാംസ്കാരികമായ സൗഹൃദത്തിലൂടെ അടുപ്പിച്ച് നിറുത്തുന്നു. മാനുഷികമായ ദര്‍ശനത്തിെൻറ അഭിവാജ്യ ഘടകമാണ് സാംസ്കാരികമായ കൈമാറ്റങ്ങള്‍. അക്ഷരങ്ങളാണ് മനുഷ്യ സമൂഹത്തെ കൂട്ടിയിണക്കുന്നത്. അത് കൊണ്ട് തന്നെ കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് അറബ് സംസ്കൃതിയുടെ സാംസ്കാരിക നായകന് പറഞ്ഞു. പുസ്തകമേളയുടെ വിജയം കൂട്ടായ പരിശ്രമത്തിെൻറ ഫലമാണ്. സത്യസന്ധമായ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെയാണ് നാം ഇത് കൈവരിച്ചത്.
നമ്മുക്കിടയിലുള്ള ഭൗതിക സമ്പത്തുകള്‍ വ്യയം ചെയ്ത് കൊണ്ടിരിക്കുന്നത് മാനുഷികമായ ഉയര്‍ച്ചക്ക് വേണ്ടിയാണ്. ലോകാടിസ്ഥാനത്തില്‍ എവിടെയും നടന്ന് കൊണ്ടിരിക്കുന്ന ഒരു സംഭവ വികാസമാണിത്.
കുട്ടികളെ സത്യസന്ധമായ കാര്യങ്ങള്‍ പഠിപ്പിക്കുന്നതിലൂടെയാണ് സാംസ്കാരികമായ വളര്‍ച്ചയും ഉയര്‍ച്ചയും കൈവരിക്കാന്‍ സാധിക്കുകയുള്ളുവെന്നും ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. ഷാര്‍ജയുടെ സാംസ്കാരികമായ വളര്‍ച്ച അതിവേഗം നടന്ന് കൊണ്ടിരിക്കുകയാണ്.
ക്ഷമയോടെയുള്ള പ്രവര്‍ത്തനമാണ് ഏതൊരു പുരോഗതിയുടെയും നിദാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
