യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡിട്ട് ഷാർജ വിമാനത്താവളം; കഴിഞ്ഞവർഷം എത്തിയത് 1.94 കോടി യാത്രക്കാർ
text_fieldsഷാർജ: യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോഡിട്ട് ഷാർജ അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞവർഷം ഷാർജ വഴി യാത്ര ചെയ്തത് 1.94 കോടി യാത്രക്കാരാണ്. 2023, 24 വർഷങ്ങളെ അപേക്ഷിച്ച് 13.9 ശതമാനമാണ് വർധന. 2024ൽ ഷാർജ വിമാനത്താവളം വഴി യാത്ര ചെയ്തത് 1.71 യാത്രക്കാരായിരുന്നു. 2023ൽ ഇത് 1.53 കോടി ആണ്. േവ്യാമ ഗതാഗത രംഗത്തും ചരക്ക് നീക്ക രംഗത്തും ലോകത്തെ പ്രധാന ലക്ഷ്യകേന്ദ്രമെന്ന ഷാർജയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് യാത്രക്കാരുടെ വർധിച്ചുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 2024നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഷാർജ വിമാനത്താവളം വഴി നടന്നത് 1,16,657 വിമാന യാത്രകളാണ്. 2024ൽ ഇത് 1,07,760 ആയിരുന്നു. 2023ൽ 98,433 വിമാനയാത്രകളാണ് നടത്തിയത്. ഈ രംഗത്ത് 8.3 ശതമാനത്തിന്റെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നുവർഷത്തെ അപേക്ഷിച്ച് ചരക്ക് ഗതാഗത രംഗത്തും ഷാർജ വിമാനത്താവളം വൻ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം 16,770 ടൺ ചരക്കുകളാണ് ഷാർജ വഴി പോയത്. 2023ൽ 12,566 ടണ്ണും 2024ൽ 14,035 ടണ്ണും ആയിരുന്നു. ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയുമായി ബന്ധിപ്പിച്ചുള്ള ഏറ്റവും സുപ്രധാനമായ ലോജിസ്റ്റിക് ഹബ്ബായി ഷാർജ വിമാനത്താവളം മാറുന്നുവെന്നതിന്റെ തെളിവാണിതെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സാലിം അൽ മിദ്ഫ പറഞ്ഞു. പ്രവർത്തനമികവിനായി സ്വീകരിച്ച ദീർഘകാല നയങ്ങളുടെ വിജയമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ പ്രധാന നഗങ്ങളിലേക്ക് നേരിട്ടുള്ള സർവിസ് വ്യാപിപ്പിക്കുന്ന നടപടികൾ എയർപോർട്ട് അതോറിറ്റി തുടരുകയാണ്. തായ്ലാൻഡിലെ ക്രാബി, ജർമനിയിലെ മ്യൂണിച്ച്, ചെക് റിപ്പബ്ലിക്കിലെ പ്രാഗ്, പോളണ്ടിലെ വാർസോ, ആസ്ട്രിയയിലെ വിയന്ന, ഇത്യോപ്യയിലെ ആഡിസ് അബാബ, റഷ്യയിലെ സോച്ചി, സിറിയയിലെ ദമാസ്കസ് എന്നീ നഗരങ്ങളിലേക്ക് ഷാർജയിൽ നിന്ന് നേരിട്ട് എയർ അറേബ്യ സർവിസ് ആരംഭിച്ചിരുന്നു. കൂടാതെ ലണ്ടനിലേക്ക് അടുത്ത മാർച്ച് മുതൽ നേരിട്ട് സർവിസ് നടത്തുമെന്നും എയർ അറേബ്യ പ്രഖ്യാപിച്ചിരിക്കുകയാണ്.
കനത്ത മൂടൽ മഞ്ഞ്; അബൂദബിയിൽ റെഡ് അലർട്ട്
അബൂദബി: എമിറേറ്റിന്റെ പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെത്തുടർന്ന് ബുധനാഴ്ച രാവിലെ അബൂദബിയിലെ ചില ഭാഗങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
റോഡിൽ അധികൃതർ വേഗതാപരിധി കുറക്കുകയും ചെയ്തു. സലാമ ബിന്ത് ബൂത്തി റോഡിലും അഹമ്മദ് ഖാമിസ് അൽ ഹാമിലി റോഡിലും വേഗതപരിധി മണിക്കൂറിൽ 80 കി.മീറ്ററായി കുറച്ചതായി അബൂദബി പൊലീസ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.
ദേശീയ കാലാവസ്ഥ നിരീക്ഷണ വകുപ്പാണ് റെഡ് വെതർ അലർട്ട് പുറപ്പെടുവിച്ചിരുന്നത്. ചില പ്രദേശങ്ങളിൽ ദൃശ്യപരത 1000 മീറ്ററിൽ താഴെയായി കുറയുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
എമിറേറ്റിന്റെ ചില ഭാഗങ്ങളിൽ മഞ്ഞ അലർട്ടും പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴയും മൂടൽമഞ്ഞും ഉണ്ടാകുമെന്ന് നേരത്തെ എൻ.സി.എം പ്രവചിച്ചിരുന്നു. മൂടൽമഞ്ഞിനൊപ്പം നേരിയ മഴക്കും സാധ്യതയുണ്ട്. താപനിലയിൽ ഏറ്റക്കുറച്ചിലുകളും കടലിലെ സാഹചര്യങ്ങളിലെ വ്യതിയാനങ്ങളും കാലാവസ്ഥാ ബ്യൂറോ പ്രവചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

