വേനൽക്കാല സീസൺ; 30 ലക്ഷം യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി ഷാർജ വിമാനത്താവളം
text_fieldsഷാർജ വിമാനത്താവളം
ഷാർജ: വേനൽക്കാല സീസൺ ആരംഭിക്കുന്നതോടെ ഏകദേശം 30 ലക്ഷം യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി ഷാർജ വിമാനത്താവളം. ഈ സീസണിൽ ഏകദേശം 19,000 ഫ്ലൈറ്റ് സർവീസുകളാണ് പ്രതീക്ഷിക്കുന്നത്. തിരക്കേറിയ യാത്രാ കാലയളവിൽ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും സുരക്ഷയിൽ ഉയർന്ന നിലവാരം പുലർത്തുന്നതിനുമായി സമഗ്രമായ പ്രവർത്തന പദ്ധതി നടപ്പിലാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് ഫലപ്രദമായി കൈകാര്യം ചെയ്യാൻ വിമാനത്താവളം പൂർണ സജ്ജമായിരിക്കും.
ഇതിനായി എല്ലാ പ്രവർത്തന വിഭാഗങ്ങളും അനുബന്ധ സേവനങ്ങളും തമ്മിലുള്ള ഏകോപനം ശക്തമാക്കിയിട്ടുണ്ട്. പ്രവർത്തനക്ഷമത നിലനിർത്തുന്നതിനുള്ള നിരീക്ഷണ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. തിരക്കും ചെക്ക്-ഇൻ ലൈനുകളും ഒഴിവാക്കാൻ നിശ്ചിത സമയത്തിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരാൻ അധികൃതർ യാത്രക്കാരോട് നിർദേശിക്കുന്നു. ആവശ്യമായ എല്ലാ യാത്രാ രേഖകളുടെയും സാധുത ഉറപ്പുവരുത്തണം. യാത്ര പുറപ്പെടുംമുമ്പ് ലഗേജ് നിയമങ്ങൾ പരിശോധിക്കാൻ മറക്കരുത്. ഷാർജയിൽ ഹോം ചെക്ക്-ഇൻ സേവനവും വിമാനത്താവളം ഒരുക്കിയിട്ടുണ്ട്. ഇത് യാത്രക്കാർക്ക് വീടുകളിൽനിന്നുതന്നെ യാത്രാ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്നു.
ജൂൺ അവസാനം മുതൽ ആഗസ്റ്റ് വരെ നീളുന്നതാണ് വേനലവധിക്കാലത്തെ തിരക്കേറിയ യാത്രാ സീസൺ. മേഖലയിലെ സംഘർഷത്തിന് ശേഷം വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്ന പശ്ചാത്തലത്തിൽ യാത്രക്കാരുടെ വൻ ഒഴുക്കിനെ നേരിടാൻ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളും സുസജ്ജമാണ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഈ സീസണിലെ ഏറ്റവും തിരക്കേറിയ ദിവസമായി ജൂലൈ 12 ആണ് പ്രതീക്ഷിക്കുന്നത്. അന്ന് 2,25,000 യാത്രക്കാർ എത്തും. ജൂലൈ ആദ്യ പകുതിയിൽ ഏകദേശം 30 ലക്ഷം യാത്രക്കാർ ദുബൈ ടെർമിനലുകളിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സായിദ് അന്താരാഷ്ട്ര വിമാനത്താവളം പ്രതിദിന റെക്കോർഡ് വളർച്ചക്കാണ് സാക്ഷ്യം വഹിച്ചത്. ജൂൺ 26 മുതൽ ജൂൺ 30 വരെ 93,000 യാത്രക്കാരാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

