ഷാർജ വിമാനത്താവള യാത്രക്കാർക്ക് ചെക്ക് ഇൻ വീട്ടിൽ ചെയ്യാം
text_fieldsഷാർജ: ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് വീട്ടിലോ ജോലിസ്ഥലത്തോ ഹോട്ടലിലോ വെച്ച് ചെക്ക് ഇൻ നടപടികൾ പൂർത്തീകരിക്കാൻ സൗകര്യം. വിമാന യാത്ര കൂടുതൽ സുഗമവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി ‘ഹോം ചെക്ക് ഇൻ’ എന്ന പേരിലാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. ‘ഹോം ചെക്ക് ഇൻ’ ഉപയോഗിച്ച് നടപടി പൂർത്തീകരിക്കുന്നവർക്ക് വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ ചെയ്യുന്നതിനായി പ്രത്യേകം ക്യൂവിൽ നിൽക്കേണ്ടിവരില്ല. ഇവർക്ക് നേരിട്ട് പാസ്പോർട്ട് നിയന്ത്രണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കാനാവും.
‘ഹോം ചെക്ക് ഇൻ’ ആപ് ഉപയോഗിക്കുന്നവർക്ക് ബോർഡിങ് പാസ് നൽകുന്നത് മുതൽ വീട്ടുപടിക്കലിൽനിന്ന് ലഗേജ് ശേഖരിക്കുന്നതുൾപ്പെടെ നടപടികൾ പൂർത്തീകരിക്കാൻ പ്രത്യേക ടീമിനെ ഷാർജ എയർപോർട്ട് അതോറിറ്റി നിയോഗിച്ചിട്ടുണ്ട്.‘ഹോം ചെക്ക് ഇൻ’ ആപ് കൂടാതെ www.sharjahairport.ae എന്ന വെബ്സൈറ്റിലൂടെയും 800745424 എന്ന നമ്പറിൽ വിളിച്ചും ചെക്ക് ഇൻ നടപടി പൂർത്തീകരിക്കാം. വിമാനം പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് വരെ ഈ സേവനം ലഭ്യമാകും. തിരക്കേറിയ യാത്ര സീസണുകളിൽ സമയം ലാഭിക്കാൻ പുതിയ സേവനം സഹായകമാവും.
കോറൽ, സിൽവർ, ഗോൾഡ് എന്നീ പാക്കേജുകളിലായാണ് സേവനം ലഭ്യമാക. 1-2 ബാഗുള്ളവർക്ക് 145 ദിർഹമിന്റെ കോറൽ പാക്കേജ് ലഭ്യമാണ്. 3-4 ബാഗിന് 165 ദിർഹമിന്റെ സിൽവർ പാക്കേജും ആറുവരെ ബാഗിന് 185 ദിർഹമിന്റെ ഗോൾഡ് പാക്കേജും ഉപയോഗിക്കാം. എയർലൈൻ ബാഗേജ് നയം അനുസരിച്ച് അധികം വരുന്ന ഓരോ ബാഗിനും 20 ദിർഹം ഈടാക്കും.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത മേഖലകളിൽ മാത്രമാണ് സൗകര്യം ലഭ്യമാവുക. ദുബൈയിൽ എമിറേറ്റ്സ്, ഫ്ലൈദുബൈ, കുവൈത്ത് എയർവേസ് എന്നീ എയർലൈനുകളും വീടുകളിൽ ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യമൊരുക്കുന്നുണ്ട്. ഡുബ്സ് എന്ന ആപ് വഴിയാണ് ഈ സൗകര്യം ലഭ്യമാവുന്നത്. അബൂദബിയിൽ ഇത്തിഹാദ് എയർവേസും സമാനമായ സൗകര്യം നൽകിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

