ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതിയെ കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
text_fieldsഷാര്‍ജ. ഷാര്‍ജയിലെ പ്രധാന ജനവാസ മേഖലയായ മൈസലൂണ്‍ ഭാഗത്തെ വീടിനുള്ളില്‍ ഇന്ത്യൻ വംശജയായ മുപ്പത്തിയാറുകാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് അധികം ആഴമില്ലാത്ത കുഴിയില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. പൊലീസ് നായയുടെ സഹായത്തോടെയായിരുന്നു കണ്ടെത്തല്‍.
കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊന്നു വീടിനുള്ളിൽ തന്നെ കുഴിച്ചിട്ടതാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ക്രൂരകൃത്യം നടത്തിയതിന് ശേഷം വീട് വാടകക്ക് എന്ന ബോര്‍ഡ് എഴുതി തൂക്കി മക്കളേയും കൂട്ടി ഇയാള്‍ ഇന്ത്യയിലേക്ക് കടന്നതായിട്ടാണ് വിവരം. ദമ്പതികളും രണ്ട് മക്കളുമായിരുന്നു ഇവിടെ താമസിച്ചിരുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നതിനെ കുറിച്ചുള്ള വിവരം അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. നിരവധി മലയാളികള്‍ താമസിക്കുന്ന മേഖലയാണിത്. ഷാര്‍ജയിലെ ശൈഖ് സായിദ് റോഡ്, കുവൈത്ത് റോഡ്, അല്‍ സഹ്റ റോഡുകള്‍ക്കിടയില്‍ കിടക്കുന്ന മൈസലൂണിലെ പഴയ വില്ലകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് സംഭവം.
ക്രൂര കൃത്യം അറിഞ്ഞ നടുക്കത്തിലാണ് പ്രദേശവാസികള്‍. ഫോറന്‍സിക് പരിശോധനക്കായി മൃതദേഹം കൊണ്ട് പോയി. കൊലപാകം നടന്നത് എന്നാണതിനെ കുറിച്ചും കൊല ചെയ്തത് ഏത് രീതിയിലാണെന്നതിനെ കുറിച്ചുമുള്ള വിവരങ്ങള്‍ പരിശോധന ഫലം വരുന്ന മുറക്ക് മാത്രമെ സ്ഥിരികരിക്കപ്പെടുകയുള്ളു. എന്നിരുന്നാലും മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കം കണക്കാക്കുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന പ്രാഥമിക സൂചന. രക്ഷിതാക്കളെയുംരണ്ട് മക്കളെയും കൊന്ന യുവതിയുടെ കഥ കേരളത്തില്‍ നിന്ന് എത്തിയ നടുക്കത്തില്‍ ഇരിക്കുന്ന സമയത്ത് മറ്റൊരു ക്രൂര കൃത്യം അറിഞ്ഞ വേദനയിലാണ് പ്രവാസികള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
