തലയില്ലാതെ ഉലാത്തുന്നവർ മനുഷ്യരോ റോബോട്ടോ?
text_fieldsഷാർജ: തലയില്ലാതെ ഉടൽ മാത്രമായി 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കറങ്ങിയടിക്കുന്ന ഇവർ സന്ദർശകരെ അത്ഭുതത്തിലാഴ്ത്തുകയാണ്. റോമിങ് പ്രകടനക്കാരായ ‘മിസ്റ്റർ മഫിനും മാഡം ചെറിയും’ ആണ് ആളുകളെ ശ്രദ്ധയെ വരളരെവേഗം ആകർഷിക്കുന്നത്. ചോക്ലേറ്റിന്റെയും മധുരപലഹാരങ്ങളുടെയും പ്രമേയത്തിലുള്ള വസ്ത്രധാരണത്തിൽ തലയില്ലാത്ത ഈ കഥാപാത്രങ്ങൾ പുസ്തകശാലകളിലൂടെ ഉലാത്തുന്നത് കാണുമ്പോൾ സന്ദർശകരുടെ ഉള്ളിൽ സംശയം നിറയുന്നുണ്ട്. ഇവർ മനുഷ്യരാണോ അതോ റോബോട്ടുകളോ?
പോർച്ചുഗീസ് കലാകാരന്മാരായ ആന്ദ്രേ ഡോസ് സാന്‍റോസ് വിയേര, ഹെലീന റെയ്സ് എന്നിവരാണ് മിസ്റ്റർ മഫിൻ, മാഡം ചെറി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തല മറയ്ക്കുന്ന രീതിയിലുള്ള വിചിത്രമായ വസ്ത്രധാരണത്തിനുള്ളിൽ നിന്ന് ഇവർ എങ്ങനെ പുറംലോകം കാണുന്നു എന്നതും കാണികളിൽ ആകാംക്ഷയുണർത്തുന്നു. നൃത്തവും തമാശ നിറഞ്ഞ ചലനങ്ങളും സമന്വയിപ്പിച്ചാണ് സന്ദർശകരിൽ ഈ ദമ്പതികൾ സന്തോഷം പകരുന്നത്.
കുട്ടികളും മുതിർന്നവരും ഒരുപോലെ ഈ റോമിങ് ഷോ ആസ്വദിക്കുന്നുണ്ട്. സന്ദർശകർക്ക് തികച്ചും വേറിട്ടൊരു അനുഭവമാണ് ഇവർ സമ്മാനിക്കുന്നതെന്ന് സന്ദർശകർ അഭിപ്രായപ്പെടുന്നു. ഇതിനു പുറമെ മ്യൂസിക് ബോക്സിലെ രാജകുമാരന്‍റെയും രാജകുമാരിയുടെയും വേഷത്തിലും ഇരുവരും മേളയിൽ പ്രകടനം നടത്തുന്നുണ്ട്.
ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 12 ദിവസം നീളുന്ന പുസ്തകോത്സവം നവംബർ 15 വരെ എക്സ്പോ സെന്‍റർ ഷാർജയിലാണ് നടക്കുന്നത്. 124 രാജ്യങ്ങളിൽ നിന്നായി 2,673 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ, വൻ കഥാപുസ്തകങ്ങളിൽ നിന്ന് പുറത്തുവരുന്ന കഥാപാത്രങ്ങൾ ഉൾപ്പെടെ നിരവധി ആകർഷകമായ തെരുവ് നാടകങ്ങളും റോമിങ് പ്രകടനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

