മാതൃദിനത്തിൽ മാതാവിനൊപ്പമുള്ളചിത്രം പങ്കുവെച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ്
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് മാതാവ് ശൈഖ ഫാത്തിമക്കൊപ്പം
അബൂദബി: യു.എ.ഇ മാതൃദിനത്തിൽ മാതാവിെൻറ മുന്നിൽ വിനയാന്വിതനായി ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. മാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക്കിനൊപ്പം ഇരിക്കുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തത്. അതോടൊപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു 'എെൻറ പ്രിയപ്പെട്ട ഉമ്മ ഫാത്തിമ ബിൻത് മുബാറക്കിനും ലോകമെമ്പാടുമുള്ള എല്ലാ ഉമ്മമാർക്കും. നിങ്ങൾ പ്രത്യാശയുടെയും സ്നേഹത്തിെൻറയും അനുകമ്പയുടെയും സാർവത്രിക ചിഹ്നമാണ്'.
യു.എ.ഇ രാഷ്ട്ര പിതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ ഭാര്യയായ ശൈഖ ഫാത്തിമയെ രാഷ്ട്ര മാതാവ് എന്നാണ് വിളിക്കുന്നത്. യു.എ.ഇയിലെ വനിത പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ച ശൈഖ ഫാത്തിമ വനിതകളുടെ അവകാശങ്ങൾക്കും മുന്നേറ്റത്തിനും ശക്തമായി പിന്തുണക്കുകയും ആഗോള വനിത ശാക്തീകരണത്തിന് പരിശ്രമിക്കുകയും ചെയ്യുന്നു. ജനറൽ വിമൻസ് യൂനിയൻ ചെയർപേഴ്സൺ, മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് സുപ്രീം കൗൺസിൽ പ്രസിഡൻറ്, കുടുംബ വികസന ഫൗണ്ടേഷൻ സുപ്രീം ചെയർപേഴ്സൺ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

