അക്ഷരോത്സവം ശൈഖ് സുൽത്താൻ ഉദ്ഘാടനം ചെയ്യും
text_fieldsഷാർജ: അക്ഷരങ്ങളുടെ കഥ പറയുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ 37ാം അധ്യായ ത്തിന് ഷാർജ അൽ താവൂനിലെ എക്സ്പോസെൻററിൽ ബുധനാഴ്ച തുടക്കമാകും. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി രാവിലെ ഒൻപതിന് അക്ഷര കവാടങ്ങൾ ലോകത്തിനായി തുറക്കും. 11 ദിവസം നീണ്ട് നിൽക്കുന്ന അക്ഷര മഹോത്സവത്തിൽ 77 രാജ്യങ്ങളിൽ നിന്നായി 16 ലക്ഷം ശീർഷകത്തിലുള്ള രണ്ട് കോടി പുസ്തകങ്ങളാണ് എത്തുന്നത്. 1874 പ്രസാധകർ കൊണ്ട് വരുന്ന പുസ്തകങ്ങളിൽ 80,000 പുസ്തകങ്ങൾ പുതിയതാണ്. മലയാളത്തിൽ നിന്നുള്ള സാഹിത്യ–സാമൂഹിക –സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പെടെ 472 പേർ പങ്കെടുക്കുന്ന 1800 പരിപാടികളാണ് നടക്കുക. മലയാളത്തിൽ നിന്നുമാത്രം 200ഓളം പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. എല്ലാഭാഷകളിൽ നിന്നുള്ള ഇസ്ലാമിക പുസ്തകങ്ങൾ ഇത്തവണത്തെ പ്രത്യേകതകളിൽ ഒന്നാണ്. തമിഴിൽ നിന്ന് 12 പ്രസാധകരാണ് എത്തുന്നത്. രാജ്യസഭ എം.പിയും കവയത്രിയുമായ കനിമൊഴി, പെരുമാൾ മുരുകൻ, നടൻ പ്രകാശ് രാജ് എന്നിവരും ആദ്യമായി സാന്നിധ്യമറിയിക്കുന്ന തമിഴിൽ നിന്നെത്തുന്നു. വിശിഷ്ട അതിഥി രാജ്യമായ ജപ്പാനിൽ നിന്ന് 13 എഴുത്തുകാരെത്തും. 100 പുതുമയുള്ള പരിപാടികൾ അതിഥി രാജ്യം കാഴ്ച്ചവെക്കും.
എഴുത്തുകാരുടെയും ഗായകരുടെയും പ്രചോദകരുടെയും നീണ്ട നിരയാണ് എത്തുന്നതെന്ന് സംഘാടകരായ ഷാർജ ബുക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് ആൽ അംറി പറഞ്ഞു.
നാലാമത് വാർഷിക ലൈബ്രറി സമ്മേളനം മേളയോടനുബന്ധിച്ച് നവംബർ ആറു മുതൽ എട്ടു വരെ നടക്കും. അമേരിക്കൻ ലൈബ്രറി അസോസിയേഷനുമായി സഹകരിച്ചാണ് ഈ പരിപാടി. വാൾട് ഡിസ്നി ചിത്രങ്ങളിൽ നിന്നുള്ള പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ലിറ്റിൽ റെഡ് റൈഡിങ് ഹൂഡ്, ദ് കിങ് ഓഫ് ലയൺസ് എന്നിവയോടൊപ്പം ജപാനീസ് കാർട്ടൂൺ കഥാപാത്രമായ അബ്ഖൂറിെൻറ പ്രകടനവും നടക്കും.
മന്ത്രി ജലീലിന്റെ ‘മുഖ പുസ്തക ചിന്തകൾ
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ . കെ.ടി ജലീൽ കഴിഞ്ഞ നാലു വർഷത്തിനിടെ ഫേസ്ബുക്കിൽ നടത്തിയ പ്രതികരണങ്ങളും നിർദേശങ്ങളും പുസ്തകമാക്കുന്നു. എെൻറ മുഖപുസ്തക ചിന്തകള്‍ എന്ന് പേരിട്ട പുസ്തകം നവംബര്‍ 2 ന് പ്രകാശനം ചെയ്യും. മലയാളത്തില്‍ പുറത്തിറക്കിയ ”1921 മലബാര്‍ കലാപം -ഒരു പുനര്‍ വായന " എന്ന കൃതിയുടെ ഇംഗ്ലീഷ് പതിപ്പായ ‘റീവിസിറ്റിങ് മലബാർ റിബല്ലിയൻ 1921’ എന്ന പുസ്തകവും ഷാർജ പുസ്തകോത്സവത്തിൽ പുറത്തിറങ്ങും.
തന്റെ മണ്ഡലമായ തവനൂര്‍ വൃദ്ധ സദനത്തിലെ അന്തേവാസിയായ ആസ്യാത്തയുടെ നല്ല മനസ്സിന് അനുഭവസ്തനായി എഴുതിയ "ആസ്യാത്ത" എന്ന അദ്ധ്യായത്തിലൂടെയാണ് പുസ്തകം ആരംഭിക്കുന്നത്.
നാല് പുസ്തകങ്ങളുമായി കെ.പി. സുധീര
ദുബൈ: കഥാകാരി കെ.പി. സുധീരയുടെ നാല് പുസ്തകങ്ങളാണ് ഷാർജ പുസ്തകോൽസവത്തിൽ പ്രകാശനം െചയ്യുന്നത്. മേരിഹാസ്കലിന് ഖലീൽ ജിബ്രാൻ എഴുതിയ പ്രണയ ലേഖനങ്ങൾ ‘ജിബ്രാെൻറ പ്രണയോത്സവങ്ങൾ’ -എന്ന പേരിലാണ് മൊഴിമാറ്റം നടത്തിയിരിക്കുന്നത്.
നവംബർ ഒന്നിന് റൈറ്റേഴ്സ് ഫോറത്തിൽ രമേഷ് പയ്യന്നൂർ ജെറി കണ്ണൂരിന് കൊടുത്ത് പ്രകാശനം നിർവഹിക്കും. ഫേസ്ബുക്കിൽ പതിവായി കുറിക്കുന്ന കുഞ്ഞു പ്രണയകവിതകളുടെ സമാഹാരം ‘പ്രണയ ഋതു’വും അന്ന് തന്നെ പ്രകാശനം ചെയ്യും. പ്രണയത്തിെൻറ പാനപാത്രത്തിൽ നിന്ന് കവിഞ്ഞൊഴുകന്ന ഇക്കവിതകൾ പ്രകാശദീപ്തമായ ഒരു പ്രണയ ലോകത്തെ അനാവരണം ചെയ്യുന്നുവെന്നാണ് എഴുത്തുകാരി ഇൗ പുസ്തകത്തെ വിലയിരുത്തുന്നത്. പ്രണയ ദൂരം എന്ന- കഥാസമാഹാരം -നവംബർ എട്ടിന് രാത്രി എട്ടിന് കെ. കെ.മൊയ്തീൻ കോയ പ്രകാശനം ചെയ്യും. വിശുദ്ധ പ്രേമത്തിെൻറ പാവനമായ വെളിപ്പെടലുകളാണ് ഈ പുസ്തകത്തിലെ ഓരോ കഥയുമെന്ന് എഴുത്തുകാരി.
‘സലാല- അറബിക്കടലിെൻറ പ്രണയഭാജനം’ എന്ന യാത്രാ വിവരണവും അന്ന് തന്നെ പുറത്തിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
