ദുബൈയിലെ വിവിധ മേഖലകളിൽ ഷെയറിങ് താമസത്തിന് അനുമതി
text_fieldsദുബൈ: ദുബൈയിലെ വിവിധ മേഖലകളിൽ കെട്ടിടങ്ങളിലും വില്ലകളിലും പങ്കുവെച്ചുള്ള താമസസൗകര്യത്തിന് (ഷെയേർഡ് അക്കോമഡേഷൻ) അനുമതി നൽകി ദുബൈ മുനിസിപ്പാലിറ്റി പുതിയ മാർഗരേഖ പുറപ്പെടുവിച്ചു. അൽ സൂഖ് അൽ കബീർ, അൽ റാസ്, അൽ വർഖ 1, അൽ ബർഷ 1, അൽ മുറഖബാത്ത്, അൽ റിഗ്ഗ തുടങ്ങിയവ ഉൾപ്പെടെ 44ലധികം മേഖലകളിലാണ് ഷെയറിങ് താമസത്തിന് അനുമതിയുള്ളത്. നഗരത്തിലെ ജനത്തിരക്കും അനധികൃത താമസരീതികളും നിയന്ത്രിക്കാനും താമസക്കാരുടെ സുരക്ഷിതത്വവും ജീവിതനിലവാരവും ഉറപ്പാക്കാനുമാണ് ഈ നടപടി.
ഷെയറിങ് താമസം ‘വ്യക്തികൾ’, ‘കുടുംബങ്ങൾ’ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്. ഒരു റെസിഡൻഷ്യൽ യൂനിറ്റിൽ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമേ പ്രവേശനം അനുവദിക്കൂ. കുടുംബങ്ങളെയും വ്യക്തികളെയും ഒരുമിച്ച് താമസിപ്പിക്കാൻ പാടില്ല. കൂടാതെ ബനിയാസ് റോഡ്, ശൈഖ് സായിദ് റോഡ്, ജുമൈറ റോഡ്, അൽ വസൽ റോഡ് എന്നീ മേഖലകൾ കുടുംബങ്ങൾക്ക് മാത്രമുള്ള ഷെയറിങ് താമസസ്ഥലങ്ങളായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
പുതിയ മാർഗരേഖ അനുസരിച്ച് ഓരോ വ്യക്തിക്കും കുറഞ്ഞത് അഞ്ച് ചതുരശ്ര മീറ്റർ ബെഡ്‌റൂം സ്ഥലം ഉണ്ടായിരിക്കണം. കുടുംബങ്ങൾക്ക് അറ്റാച്ച്ഡ് ബാത്ത്‌റൂം സൗകര്യമുള്ള പ്രത്യേക ബെഡ്‌റൂം നൽകണം. അടുക്കള, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, അലക്കു സ്ഥലം, വിശ്രമ മേഖലകൾ തുടങ്ങിയ സൗകര്യങ്ങൾക്കും താമസക്കാരുടെ എണ്ണത്തിന് അനുസരിച്ചുള്ള കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, തൊഴിലാളികൾക്കായുള്ള കൂട്ടായ താമസകേന്ദ്രങ്ങൾക്ക് (ലേബർ അക്കോമഡേഷൻ) പ്രത്യേക നിയമമുള്ളതിനാൽ ഈ നിർദേശം ബാധകമല്ല.
നിയമപരമായ പെർമിറ്റുകൾ, ലീസിങ് വ്യവസ്ഥകൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. നിയമലംഘനങ്ങൾക്ക് 500 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
നിലവിലുള്ള ഷെയറിങ് കെട്ടിടങ്ങളുടെയും വില്ലകളുടെയും അവസ്ഥ പുതിയ നിയമപ്രകാരം ക്രമീകരിക്കുന്നതിനായി കെട്ടിട ഉടമകൾക്കും റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും സെപ്റ്റംബർ എട്ടുമുതൽ ഒരു വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. എന്നാൽ, പൊതുജനസുരക്ഷക്ക് ഭീഷണിയാകുന്ന മാറ്റങ്ങൾ വരുത്തിയിട്ടുള്ള കെട്ടിടങ്ങൾക്ക് ഈ സാവകാശം ബാധകമല്ല. അത്തരം നിയമലംഘനങ്ങൾ ഉടനടി പരിഹരിക്കണമെന്ന് ദുബൈ മുനിസിപ്പാലിറ്റി നിർദേശിച്ചു.
ഷെയറിങ് താമസ അനുമതിക്കുള്ള നടപടികൾ വേഗത്തിലാക്കാൻ ദുബൈ ലാൻഡ് ഡിപാർട്മെന്റ്, ദുബൈ സിവിൽ ഡിഫൻസ്, സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി അതോറിറ്റി (എസ്ഐ.ആർ.എ) എന്നീ സർക്കാർ സ്ഥാപനങ്ങളുമായി ഡിജിറ്റൽ സംവിധാനം വഴി സംയോജിപ്പിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസിന്‍റെ ഫയർ അലാറം, എസ്ഐ.ആർ.എയുടെ സി.സി.ടി.വി സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിച്ചാൽ മാത്രമേ ഷെയറിങ് പെർമിറ്റ് ലഭിക്കൂ.
കെട്ടിട ഉടമകൾക്ക് ഷെയറിങ് താമസത്തിനുള്ള പെർമിറ്റുകൾ ലഭിക്കുന്നതിനും പുതുക്കുന്നതിനുമായി ‘ബിൽഡ് ഇൻ ദുബൈ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കാം. നിയമങ്ങൾ പാലിക്കാൻ എല്ലാവരെയും സജ്ജരാക്കുക, ബോധവൽക്കരണം ഉറപ്പാക്കുക, താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുക എന്നിവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റി ബിൽഡിങ് റെഗുലേഷൻ ആൻഡ് പെർമിറ്റ്സ് ഏജൻസി സി.ഇ.ഒ മറിയം അൽ മുഹൈരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

