'സാലിക്' ഓഹരി വിൽപന: ലക്ഷ്യം 300 കോടി ദിർഹം
text_fieldsഅൽ ഖർഹൂദ് ‘സാലിക്’ ടോൾ ഗേറ്റ്
ദുബൈ: എമിറേറ്റിലെ ടോൾ കലക്ഷൻ സംവിധാനമായ 'സാലിക്' ഓഹരി വിൽപന വഴി 300 കോടി ദിർഹം സമാഹരിക്കും. കമ്പനിയുടെ 20 ശതമാനം ഇനീഷ്യൽ പബ്ലിക്ക് ഓഫറിങ്ങിലൂടെ (ഐ.പി.ഒ) വിൽക്കുമെന്ന് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച മുതൽ ആരംഭിച്ച വിൽപനയിൽ ഒരു ഓഹരിക്ക് രണ്ട് ദിർഹമാണ് വില നിശ്ചയിച്ചിരിക്കുന്നത്. 150 കോടി ഓഹരികളാണ് ഇത്തരത്തിൽ വിൽപനക്ക് വെച്ചിരിക്കുന്നത്. സെപ്റ്റംബർ 13 മുതൽ 20 വരെയാണ് വിൽപന. കമ്പനിയുടെ 80 ശതമാനം സർക്കാർ നിയന്ത്രണത്തിൽ നിലനിർത്തും. എന്നാൽ, സബ്സ്ക്രിപ്ഷൻ കാലയളവ് അവസാനിക്കുന്നതിനുമുമ്പ് വിൽപനക്കുവെച്ച ഓഹരികൾ വർധിപ്പിക്കാൻ സാലിക് കമ്പനി ഉടമകളായ ദുബൈ സർക്കാറിന് സാധിക്കും. വിൽപനക്കുശേഷം സെപ്റ്റംബർ 29ന് 'സാലിക്' ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യും.
ദുബൈയിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്സ് എൻ.ബി.ഡി ആയിരിക്കും ഐ.പി.ഒയുടെ ലീഡ് സ്വീകരിക്കുന്ന ബാങ്ക്. അതിനിടെ യു.എ.ഇ സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ദുബൈ ഹോൾഡിങ്, ഷമാൽ ഹോൾഡിങ്, അബൂദബി പെൻഷൻ ഫണ്ട് എന്നിവ കോർണർസ്റ്റോൺ നിക്ഷേപകരാക്കി സാലിക് കരാർ ഒപ്പുവെച്ചിട്ടുണ്ട്. നിശ്ചിത എണ്ണം ഓഹരികൾക്ക് മുൻകൂട്ടി നിക്ഷേപിക്കുന്നവരാണ് കോർണർസ്റ്റോൺ നിക്ഷേപകർ. ഇവ ആകെ 60.6 കോടി ദിർഹമിന്റെ ഓഹരികൾ വാങ്ങാനാണ് സമ്മതിച്ചിട്ടുള്ളത്.
ഫിനാൻഷ്യൽ മാർക്കറ്റിന്റെ വലുപ്പം വർധിപ്പിക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള 10 കമ്പനികളെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്ന് കഴിഞ്ഞ നവംബറിൽ ദുബൈ പ്രഖ്യാപിച്ചിരുന്നു. മാർച്ചിൽ ദുബൈ ജല, വൈദ്യുതി വകുപ്പായ 'ദേവ' ഐ.പി.ഒയിലൂടെ 22.41 ബില്യൺ ദിർഹം സമാഹരിച്ചിരുന്നു. 8.50 ബില്യൺ ഷെയറുകളാണ് 'ദേവ' വിറ്റത്. 'ദേവ'യുടെ ഷെയറുകൾ സ്വന്തമാക്കുന്നതിന് വലിയ പ്രതികരണം ദൃശ്യമായതിനെത്തുടർന്ന് ഐ.പി.ഒ 17 ശതമാനം ഉയർത്തിയിരുന്നു. ബാക്കി 83 ശതമാനം ഷെയറും ദുബൈ സർക്കാർ ഉടമസ്ഥതയിലാണുള്ളത്.
സമാനമായി ആവശ്യക്കാർ ഏറെ 'സാലികി'നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരി വിൽപനക്ക് മുമ്പായി ജൂണിൽ 99 വർഷത്തെ കാലാവധിയോടെ 'സാലിക്' പബ്ലിക്ക് ജോയന്റ് സ്റ്റോക്ക് കമ്പനിയായി മാറിയിരുന്നു. എമിറേറ്റിൽ എട്ട് ടോൾ ഗേറ്റുകളാണ് കമ്പനി നടത്തുന്നത്. ദുബൈയിൽ നിലവിലുള്ള ടോൾ ഗേറ്റുകൾ സ്ഥാപിക്കുന്നതും പരിഷ്കരിക്കുന്നതും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാന്റെ ഉത്തരവനുസരിച്ചാണ്. റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) 'സാലിക്കു'മായി സഹകരിച്ച് സമഗ്രമായ ട്രാഫിക് പഠനം നടത്തിയ ശേഷം കൗൺസിലിന്റെ അംഗീകാരം വാങ്ങിയാണ് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

