ഇൗന്തപ്പനയുടെ നാട്ടിൽ ഇനി കരിമ്പനക്കാറ്റിലലിഞ്ഞ ചിത്രങ്ങൾ
text_fieldsഷാർജ: അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ആഘോഷപ്പെരുന്നാളായ അന്താരാഷ്ട്ര പുസ്തകമേള ഇന്ന് കൊടിയിറങ്ങുമെങ്കിലും സാഹിത്യപ്രേമികൾക്ക് ഷാർജ കരുതിവെച്ച അതിശയങ്ങൾ അവസാനിക്കുന്നില്ല. മലയാള സാഹിത്യത്തിലെ സർവകാല മാസ്റ്റർ പീസായ ഖസാക്കിെൻറ ഇതിഹാസം രൂപം കൊണ്ട വഴികളിലൂടെ ഒരു കലാകാരൻ കാമറയുമായി നടത്തിയ സഞ്ചാര വിവരണത്തിനാണ് ഷാർജ വേദിയാവുന്നത്.
വൈക്കം സ്വദേശിയായ ഡി. മനോജ് തയ്യാറാക്കിയ കർമ പരമ്പരയിലെ കണ്ണികൾ എന്നു പേരിട്ട അറുപതോളം ചിത്രങ്ങൾ നാളെ വൈകീട്ട് അഞ്ചു മുതൽ 10 വരെ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ പ്രദർശിപ്പിക്കും. തസ്റാക്കിലെ നടവഴികളും ഇതിഹാസ ഭൂമിയിലെ അടയാളങ്ങളും കഥാപാത്രങ്ങളുടെ പിൻമുറക്കാരുമെല്ലാം ഇൗ പരമ്പരയിൽ വരച്ചിടപ്പെടുന്നു. ഒ.വി.വിജയെൻറ തട്ടകമായ ഡൽഹിയിൽ അവതരിപ്പിച്ച് വിജയെൻറ സമകാലികരുടെയും വായനക്കാരുടെയും ശ്രദ്ധയും പ്രശംസയും ഏറെ സ്വന്തമാക്കിയ ഇൗ ചിത്രങ്ങൾ ഷാർജ മേളയിൽ പുസ്തക രൂപത്തിലും എത്തിയിരുന്നു. ഷാർജ മലയാളി സമാജവും ഇന്ത്യൻ അസോസിയേഷനും ലെജൻറ്സ് ഹബ് കാമറ ക്ലബിെൻറ പിന്തുണയോടെയാണ് പ്രദർശനം ഒരുക്കുന്നത്.