ഷാർജയിൽ കുറ്റകൃത്യങ്ങളും അപകട മരണങ്ങളും കുറക്കാൻ കർമ പദ്ധതി
text_fieldsഷാർജ: ഷാർജയിൽ കുറ്റകൃത്യങ്ങളും റോഡപകടങ്ങളും കുറക്കാൻ പൊലീസിെൻറ കർമ പദ്ധതി. സാമ്പത്തിക കുറ്റങ്ങൾ ഒഴിച്ചുള്ള 15 കുറ്റകൃത്യങ്ങളെ തരം തിരിച്ച് അവ കുറച്ചുകൊണ്ടുവരാനുള്ള നടപടികൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി പിന്നീട് എല്ലായിടത്തേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജനറൽ സൈഫ് അൽ സാരി അൽ ഷംസി പറഞ്ഞു. റാഡിസൺ ബ്ലൂ ഹോട്ടലിൽ തിങ്കളാഴ്ച നടന്ന രണ്ടാമത് മീഡിയ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റകൃത്യങ്ങൾ കൂടുതലായി കണ്ടുവരുന്ന മേഖലകളിലാണ് പുതിയ കർമ പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുക. 2016ൽ ഒരു ലക്ഷം ആളുകൾക്ക് 123.24 ആയിരുന്നു കുറ്റകൃത്യ നിരക്ക് എങ്കിൽ 2021ൽ ഇത് 75 ആയി കുറക്കാനാണ് ലക്ഷ്യമിടുന്നത്. ഇൗ വർഷം ആദ്യ മൂന്നു മാസം കുറ്റകൃത്യ നിരക്ക് 17.5 മാത്രമാണ്. ഇത് നല്ല തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
വീടുകളിലെ മോഷണം കുറക്കാൻ പ്രത്യേക ഉൗന്നൽ നൽകും. പട്രോളിങ് ശക്തമാക്കിയും താമസക്കാർക്കിടയിൽ ബോധവൽക്കരണം നടത്തിയുമാണ് ലക്ഷ്യം നേടാൻ ശ്രമിക്കുക. ഇതിൽ ജനങ്ങളുടെ സഹായം ആവശ്യമാണ്. 100 ദിവസം കൊണ്ട് മോഷണ നിരക്ക് 10 ശതമാനം കണ്ട് കുറക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളുമായി സഹകരിച്ചായിരിക്കും നടപടികൾ.
റോഡപകടങ്ങൾ കൂടിയ അഞ്ചു പ്രധാന റോഡുകൾ കണ്ടെത്തി പ്രത്യേക അപകട നിവാരണ പദ്ധതി നടപ്പാക്കും. റോഡുകളിൽ െപാലിയുന്ന ജീവനുകളുടെ എണ്ണം കുറക്കുകയാണ് പ്രധാനം. 2016ൽ ഒരു ലക്ഷം ജനങ്ങളിൽ 10.78 ആയിരുന്നു മരണ നിരക്ക്. 2021ൽ ഇത് മൂന്നാക്കി കുറക്കണം. ഇതിനായി ഗതാഗത സംവിധാനങ്ങൾ പരിഷ്കരിക്കും. ആദ്യഘട്ടത്തിൽ ഷാർജ^മലീഹ റോഡിലാണ് അപകട നിവാരണ പ്രവർത്തനങ്ങൾ േകന്ദ്രീകരിക്കുക. വിലക്കിയ സ്ഥലങ്ങളിൽ കാൽനടക്കാർ റോഡ് മുറിച്ചുകടക്കുന്നത് നിരവധി ജീവൻ അപഹരിക്കുന്നുണ്ട്. ഏഷ്യക്കാരാണ് ഇതിൽ മുന്നിൽ. ഇതിനെതിരെ വിവിധ ഭാഷകളിൽ ബോധവൽക്കരണ കാമ്പയിനുകൾ നടത്തും.
ജനങ്ങളിൽ സുരക്ഷിത ബോധം വർധിപ്പിക്കാനും ശ്രമം നടത്തുമെന്ന് ബ്രിഗേഡിയർ പറഞ്ഞു. കഴിഞ്ഞവർഷം 92.1ശതമാനമായിരുന്നത് 2021ൽ നൂറു ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. ജനങ്ങൾക്കിടയിൽ സർവേ നടത്തിയാണ് സുരക്ഷിത ബോധ നിരക്ക് കണ്ടെത്തുന്നത്. ഷാർജ സുരക്ഷിത നഗരം എന്ന വലിയ പദ്ധതി തയാറായിട്ടുണ്ടെന്നും അതിെൻറ വിശദാംശങ്ങൾ ഉടനെ പുറത്തുവിടുെമന്നും അദ്ദേഹം പറഞ്ഞു.ഷാർജ പൊലീസ് ഡെപ്യൂട്ടി ജനറൽ ബ്രിഗേഡിയർ അബ്ദുല്ല മുബാറക്ക് ബിൻ ആമിർ, പൊലീസ് ഒാപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് റശീദ് ബിയ്യാത്ത്, സെൻട്രൽ ഒാപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അലി സലീം അൽഖയ്യാൽ, മീഡിയ വിഭാഗം ഡയറക്ടർ കേണൽ ആരിഫ് ഹസൻ ബിൻ ഹുദൈബ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
