ഷമ്മയുടെ ഇക്കോ സ്റ്റേഷൻ
text_fieldsഷമ്മ ഫാത്തിമ
വീട്ടുമുറ്റങ്ങളും അകത്തളങ്ങളും അലംകൃതമാക്കുന്ന ബോഗൻവില്ലയും അലോവേരയും എവിടെ കിട്ടുമെന്നറിയണോ?. സിമ്പിൾ, 'എക്കോ സ്റ്റേഷൻ' (Eco Station) എന്ന ആപ്പ് സന്ദർശിച്ചാൽ മതി. വീട്ടിനുള്ളിലും പുറത്തും വളർത്താവുന്ന ചെടികൾ യു.എ.ഇയിൽ എവിടെ ലഭിക്കുമെന്നും എത്രയാണ് വിലയെന്നുമെല്ലാം ആപ്പിലൂടെ അറിയാം. 50ൽ പരം ചെടികളാണ് ഇപ്പോൾ ഉൾപെടുത്തിയിരിക്കുന്നത്. ഓരോ ചെടിയുടെയും ഗുണഗണങ്ങളും എങ്ങിനെ പരിചരിക്കാമെന്നും ആപ്പിൽ വിവരിക്കുന്നു. എത്ര വെള്ളം ഒഴിക്കണം, എത്രത്തോളം സൂര്യപ്രകാശം ലഭിക്കണം, ചൂടുള്ള പ്രദേശങ്ങളിൽ ചെടികൾ എങ്ങിനെ ക്രമീകരിക്കണം എന്നിവയെല്ലാം വിവരിക്കുന്നുണ്ട്.
ഇത്ര ഉഗ്രനൊരു സംവിധാനം ഒരുക്കിയത് ആരാണെന്ന് അതിശയിക്കുന്നുണ്ടോ? ഒരു വളാഞ്ചേരിക്കാരി പെൺകുട്ടി. ഷാർജ സർക്കാരിെൻറ എൻവയോൺമെൻറ് എക്സലൻസ് സ്കൂൾ അവാർഡിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് മലപ്പുറം വളാഞ്ചേരി കൂവമ്മൽ നൂർ മുഹമ്മദ് ശരീഫിെൻറയും ടി.കെ. റഹീനയുടെയും മകൾ ഷമ്മ ഫാത്തിമ തയാറാക്കിയ ഈ ആപ്പ്. 'പരിസ്ഥിതി മൊബൈൽ ആപ്' വിഭാഗത്തിൽ 400 സ്കൂളുകളിലെ 700 കുട്ടികളോട് മത്സരിച്ചാണ് ഷാർജ ഇന്ത്യ ഇൻറർനാഷനൽ സ്കൂളിലെ ഈ 11ാം ക്ലാസ് വിദ്യാർഥിനി ഒന്നാമതെത്തിയത്.
ഷോപുകളിൽ നേരിട്ടെത്തി വില അന്വേഷിച്ച ശേഷമാണ് ഓരോന്നിെൻറയും വില നിശ്ചയിച്ചത്. ഓരോ ചെടിയും ലഭിക്കുന്ന സ്ഥാപനങ്ങളുടെ ലൊക്കേഷനും നൽകിയിരിക്കുന്നു. ഓൺലൈനായി വാങ്ങാവുന്ന ചെടികളുടെ വിവരങ്ങളാണ് കൂടുതലും. ആപ്പിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഓൺലൈൻ സൈറ്റിലെത്തും.
പ്ലാൻഡിങുമായി ബന്ധപ്പെട്ട മത്സരങ്ങളും ഒരുക്കുന്നുണ്ട് ഷമ്മ. ആപ്പിൽ കയറിയാൽ പസ്ൽസ്, ക്വിസ് എന്നിവയിൽ പങ്കെടുക്കാം. ഡൂഡ്ൽ മേക്കിങ്, ഡ്രോ കളർ ആൻഡ് ക്വോട്ട് കോംപറ്റീഷൻ, കൊളാഷ് മേക്കിങ് ഓൺ ബാൽക്കണി ഫാമിങ് എന്നിവയുമുണ്ട്. വിജയികൾക്ക് 'എക്കോ സ്റ്റേഷെൻറ' സർട്ടിഫിക്കറ്റ് നൽകും. സാങ്കേതികമായി വലിയ പരിജ്ഞാനമില്ലാതിരുന്ന ഷമ്മ യൂ ട്യൂബ് വഴിയാണ് ആപ് നിർമാണം പഠിച്ചെടുത്തത്. ഫ്ലട്ടർ (flutter) എന്ന സോഫ്റ്റ്വെയറായിരുന്നു സഹായി. ഡാർട്ട് ലാംഗ്വേജാണ് ഉപയോഗിച്ചത്.
ആദ്യമായാണ് ആപ്പ് നിർമിക്കുന്നത്. മത്സരത്തിന് വേണ്ടി നിർമിച്ചതാണെങ്കിലും അപ്ഡേറ്റ് ചെയ്ത് കൂടുതൽ ചെടികൾ ഉൾപെടുത്താൻ പദ്ധതിയുണ്ട്. 2019ൽ ഏഷ്യാനെറ്റിെൻറ 'പ്രൗഡ് ടു ബി ഇന്ത്യൻ' ക്വിസിൽ വിജയികളായ ടീമിൽ ഷമ്മയുമുണ്ടായിരുന്നു. ആർ.ടി.എ ബസ് ഡ്രൈവറാണ് പിതാവ് നൂർ മുഹമ്മദ് ശരീഫ്. മാതാവ് റഹീന ഇതേ സ്കൂളിലെ അധ്യാപികയാണ്. അനുജത്തി ഷിമ ഫാത്തിമ നാലാം തരം വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

