നാട്ടിലെത്തിക്കാനുള്ള സുഹൃത്തുക്കളുടെ ശ്രമം വിജയിക്കും മുമ്പേ ഷാജി രമേശ് യാത്രയായി
text_fieldsഷാജി രമേശ്
ദുബൈ: ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സുഹൃത്തുക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും ശ്രമങ്ങൾ പുരോഗമിക്കവേ, തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ഷാജി രമേശ് (55) വേദനയുടെ ലോകത്തുനിന്ന് യാത്രയായി. ബ്രെയിൻ ട്യൂമർ ബാധിച്ചതിനെ തുടർന്ന് അടുത്തിടെ റാശിദിയ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർ ചികിത്സയുമായി ബന്ധപ്പെട്ട് കഴിയവേ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. അവിവാഹിതനാണ്.
ബിസിനസ് പൊളിഞ്ഞതിനെ തുടർന്ന് കടക്കെണിയിലാകുകയും ജയിലിൽ കിടക്കേണ്ടി വരികയും ചെയ്ത ഷാജി രമേശ് നാട്ടിൽ പോയിട്ട് എട്ടുവർഷത്തിലേറെയായി. ദിവസങ്ങൾക്കുമുമ്പ് മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടർന്ന് ശരീരം തളർന്ന് ബർദുബൈയിൽ സുഹൃത്തിന്‍റെ മുറിയിലാണ് കഴിഞ്ഞിരുന്നത്. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളാലും വലഞ്ഞിരുന്നു. യു.എ.ഇയിൽ ചികിത്സക്ക് ചെലവ് കൂടുതലായതിനാൽ യാത്ര ചെയ്യാറാകുമ്പോൾ നാട്ടിലേക്ക് കൊണ്ടുപോയി ചികിത്സിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സാമൂഹിക പ്രവർത്തകരായ അഡ്വ. ഷാജഹാനും ബിന്ദു നായരും. ഇന്ത്യൻ കോൺസുലേറ്റിന്‍റെ സഹായത്തോടെ ഇതിനുവേണ്ട സംവിധാനം ഒരുക്കി വരുമ്പോഴാണ് ഷാജിയുടെ മരണം.
2000ൽ യു.എ.ഇയിലെത്തിയ ഷാജി ആറു വർഷത്തോളം സെയിൽസ് വിഭാഗത്തിലാണ് ജോലി ചെയ്തത്. തുടർന്ന് ഇന്‍റീരിയർ ഡിസൈനിങ് രംഗത്ത് സ്വന്തമായി ഒരു ട്രേഡിങ് സ്ഥാപനം ആരംഭിച്ചു. ബിസിനസ് കൊണ്ടുപോകുന്നതിനിടെ സാമ്പത്തിക ബാധ്യതകളുണ്ടായി. ഇതിൽ നിന്ന് കരകയറാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബാങ്കു വായ്പയെടുത്തെങ്കിലും തിരിച്ചടക്കാനായില്ല. ഒടുവിൽ ബാങ്കുകാർ കേസ് കൊടുത്തതിനെ തുടർന്ന് 30 ദിവസം തടവിലും കിടന്നു. പിന്നീട്, കേസിൽ നിന്ന് മുക്തനായി പുറത്തിറങ്ങിയെങ്കിലും ജോലി കണ്ടെത്താനൊന്നും കഴിയാതെ സുഹൃത്തുക്കളുടെ സഹായത്താലായിരുന്നു ജീവിച്ചിരുന്നത്.
ഏറെക്കാലമായി ഹൈദരാബാദുകാരനായ സുഹൃത്ത് രാമിനൊപ്പമായിരുന്നു താമസം. പുനെയിൽ സ്ഥിരതാമസക്കാരനും വിമുക്ത ഭടനുമായ പരേതനായ ദാമോദരന്‍റെയും സരസമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: ജസ്റ്റിൻ രമേശ്, ഷൈലജ രമേശ്. നാട്ടിൽ നിന്ന് ബന്ധുക്കളെത്തിയ ശേഷം മൃതദേഹം ദുബൈയിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

