ശൈഖ് സുൽത്താന് കോയിംബ്ര സർവകലാശാലയുടെ ഡോക്ടറേറ്റ്
text_fieldsഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയെ പോർച്ചുഗലിലെ കോയിംബ്ര സർവകലാശാല ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ആഗോള സംസ്ക്കാരങ്ങളെ ഒരുമിപ്പിക്കുന്ന പ്ലാറ്റ്ഫോമായി ഷാർജയെ വളർത്തിയെടുത്ത ശൈഖ് സുൽത്താനെ വൈവിധ്യങ്ങളിലൂടെയും ബഹുമാനത്തിലുടെയും സഹിഷ്ണുതയിലുടെയും സംസ്കാരത്തെ ഒരുമിപ്പിക്കുന്ന മനുഷ്യനെന്നാണ് സർവ്വകലാശാല വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും പഴയ യൂണിവേഴ്സിറ്റികളിൽ ഒന്നാണ് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾക്കൊള്ളിച്ച കോയിംബ്രാ യൂണിവേഴ്സിറ്റി. ശാസ്ത്രജ്ഞരും, എഴുത്തുകാരും, തത്ത്വചിന്തകരും, ചരിത്രകാരന്മാരും, കലാകാരന്മാരും പ്രചോദിപ്പിക്കുന്ന ഭാവി, സംസ്കാരത്തിെൻ്റ സുസ്ഥിരതയുടെ സുന്ദര പ്രകാശമാണെന്ന് ശൈഖ് സുൽത്താൻ ഡോക്ടറേറ്റ് സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
ഫ്രാൻസിലെ പാരീസ് ഡിഡേറ്ററ്റ് യൂണിവേഴ്സിറ്റി, ജപ്പാനിലെ കൻസാവ സർവ്വകലാശാല, ഈജിപ്തിലെ കെയ്റോ യൂണിവേഴ്സിറ്റി, യു.കെയിലെ ഷെഫീൽഡ് യൂണിവേഴ്സിറ്റി, ജോർഡൻ യൂണിവേഴ്സിറ്റി, കാനഡയിലെ മക്മാസ്റ്റർ യൂണിവേഴ്സിറ്റി, യു.കെയിലെ എഡ്വിൻബർഗ് യൂണിവേഴ്സിറ്റി, ലണ്ടൻ സൗത്ത് ബാങ്ക് യൂണിവേഴ്സിറ്റി യു.കെ, മലേഷ്യയിലെ ഇൻ്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി, റഷ്യയിലെ റഷ്യൻ അക്കാദമി ഓഫ് സയൻസസ്, സുഡാനിലെ ഖാർതൂം സർവകലാശാല, കേരളത്തിലെ കാലിക്കറ്റ് സർവ്വകലാശാല തുടങ്ങി 17 യൂണിവേഴ്സിറ്റികൾ ശൈഖ് സുൽത്താനെ ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
