ലോകത്തിലെ മികച്ച സ്മാർട്ട് ആശുപത്രികളുടെ പട്ടികയിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്‍റെ ഏഴ് ആശുപത്രികൾ
text_fieldsപട്ടികയിൽ ഇടം പിടിച്ച ആസ്റ്റർ ഡി.എം കെയർ ആശുപത്രികൾ
ദുബൈ: ന്യൂസ് വീക്ക് പ്രസിദ്ധീകരിച്ച ‘ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് ആശുപത്രികളുടെ 2027’ ആഗോള റാങ്കിംഗിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന് കീഴിലുള്ള ഏഴ് ആശുപത്രികൾ ഇടം നേടി. ജി.സി.സി മേഖലയിലെ ആസ്റ്ററിന്‍റെ 16 ആശുപത്രികളിൽ നിന്നാണ് യു.എ.ഇയിലെയും സൗദി അറേബ്യയിലെയും ഏഴ് ആശുപത്രികൾ ഈ നേട്ടം കൈവരിച്ചത്. മുൻ പതിപ്പിൽ നാല് ആശുപത്രികൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ ആസ്റ്റർ മികച്ച നേട്ടം സ്വന്തമാക്കിയത്. കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കും മികച്ച രോഗീ പരിചരണത്തിനുമായി ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ ഗ്രൂപ്പ് നടത്തുന്ന തുടർച്ചയായ നിക്ഷേപങ്ങളുടെ ഫലമാണ് ഈ അംഗീകാരം.
യു.എ.ഇയിലെ ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസ് (167-ാം റാങ്ക്), അൽ മൻഖൂൽ (214), മെഡ്കെയർ ഹോസ്പിറ്റൽ അൽ സഫ (158), മെഡ്കെയർ ഓർത്തോപീഡിക്സ് ആൻഡ് സ്പൈൻ ഹോസ്പിറ്റൽ (351), മെഡ്കെയർ റോയൽ സ്പെഷാലിറ്റി ഹോസ്പിറ്റൽ (279), മെഡ്കെയർ ഹോസ്പിറ്റൽ ഷാർജ (287) എന്നിവയും സൗദി അറേബ്യയിലെ ആസ്റ്റർ സനദ് ആശുപത്രിയുമാണ് (328) പട്ടികയിൽ ഇടംപിടിച്ചത്. 2025ൽ ഒരൊറ്റ ആശുപത്രി മാത്രമായി തുടങ്ങിയതിൽനിന്ന് തുടർച്ചയായ വർഷങ്ങളിൽ ഘട്ടംഘട്ടമായാണ് ആസ്റ്റർ ഈ നേട്ടത്തിലേക്ക് ഉയർന്നത്.
സ്റ്റാറ്റിസ്റ്റയുമായി സഹകരിച്ച് തയാറാക്കിയ ഈ റാങ്കിങ്ങിൽ സഹപ്രവർത്തകരുടെ ശിപാർശകൾ, ഡിജിറ്റൽ മെച്യൂരിറ്റി, അക്രഡിറ്റേഷനുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ആശുപത്രികളെ വിലയിരുത്തിയത്. എ.ഐ, റോബോട്ടിക്സ്, ഓട്ടോമേഷൻ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ ഏഴ് മേഖലകളിലെ മുന്നേറ്റമാണ് ഇതിനായി പരിശോധിച്ചത്. സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം ക്ലിനിക്കൽ ടീമുകളെ പിന്തുണക്കാനും രോഗികളുടെ അനുഭവം മെച്ചപ്പെടുത്താനും സഹായിക്കുന്നുവെന്ന് ആസ്റ്റർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
സാങ്കേതിക കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താനും നൂതന രീതികൾ അവതരിപ്പിക്കാനും ഈ അംഗീകാരം പ്രോത്സാഹനമാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ പറഞ്ഞു. എല്ലായ്പോഴും രോഗികൾക്ക് മുൻഗണന നൽകി, ക്ലിനിക്കൽ മികവും മികച്ച സേവന നിലവാരവും ഉറപ്പാക്കാൻ സ്ഥാപനം തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

