വൈദ്യുതി, ജല, ഗ്യാസ് കണക്ഷന് പ്രത്യേകം അപേക്ഷ വേണ്ട
text_fieldsവൈദ്യുതി കണക്ഷൻ പരിശോധിക്കുന്ന സേവയിലെ ഉദ്യോഗസ്ഥർ
ഷാർജ: എമിറേറ്റിലെ താമസക്കാർക്ക് വൈദ്യുതി, ജല, ഗ്യാസ് കണക്ഷനായി ഇനി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടി വരില്ല. താമസക്കാരൻ വാടക കരാറിൽ രജിസ്റ്റർ ചെയ്യുന്നതോടെ ഈ മൂന്ന് സൗകര്യങ്ങളും നേരിട്ട് ലഭ്യമാക്കാനുള്ള പുതിയ സംയുക്ത സംരംഭം പ്രഖ്യാപിച്ച് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ)യും ഷാർജ മുനിസിപ്പാലിറ്റിയും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ താമസക്കാർക്ക് വൈദ്യുതി, ജല, ഗ്യാസ് കണക്ഷനായി വിവിധ സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങുകയോ അധിക രേഖകൾ ശരിയാക്കുകയോ വേണ്ടിവരില്ലെന്ന് അധികൃതർ അറിയിച്ചു.
വാടക കരാർ ഷാർജ മുനിസിപ്പാലിറ്റി അംഗീകരിച്ചു കഴിഞ്ഞാൽ വൈദ്യുതി, ജല, ഗ്യാസ് കണക്ഷന് ആവശ്യമുള്ള തുക കാണിച്ച് കൊണ്ടുള്ള താമസക്കാരന്റെ മൊബൈലിലേക്ക് ഒരു ടെക്സ്റ്റ് മെസേജ് വരും. പണമടച്ച് കഴിഞ്ഞാൽ സേവയുടെ മൂന്നു സേവനങ്ങളും പ്രത്യേകം അപേക്ഷ സമർപ്പിക്കാതെതന്നെ താമസക്കാരന് ലഭ്യമാകും. എമിറേറ്റ് ഡിജിറ്റൽ പരിവർത്തന പദ്ധതികൾക്ക് കീഴിൽ ആരംഭിച്ച ഈ സേവനം രണ്ട് ഡിപ്പാർട്ട്മെന്റുകൾക്കിടയിൽ സംയോജിത ഇ-ലിങ്ക് സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുക. നേരത്തെ താമസക്കാരന്റെ വാടക കരാർ മുനിസിപ്പാലിറ്റി അംഗീകരിച്ചു കഴിഞ്ഞാൽ വൈദ്യുതി, ജല, ഗ്യാസ് കണക്ഷന് വേണ്ടി സേവയിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടിയിരുന്നു.
ഇതിനായി മുനിസിപ്പാലിറ്റി അംഗീകരിച്ച കരാർ രേഖ, എമിറേറ്റ്സ് ഐ.ഡി, സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചതിന്റെ രസീത് എന്നിവ ഹാജരാക്കുകയും വേണം. ഒന്നിലധികം ഡിപ്പാർട്ട്മെന്റുകളുടെ സഹകരണം ആവശ്യമായതിനാൽ ചില സമയങ്ങളിൽ കണക്ഷനായി നിരവധി ദിവസങ്ങളെടുക്കുകയും ചെയ്തിരുന്നു. ഈ കാലതാമസം പുതിയ സംരംഭത്തിലൂടെ ഇല്ലാതാകും. ഉദ്യോഗസ്ഥ ഇടപെടൽ കുറച്ച് ലളിതവും സാങ്കേതിക വിദ്യകളിലൂടെ സാധ്യമാകുന്ന സേവനങ്ങളിലൂടെയും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാൻ ലക്ഷ്യമിട്ട യു.എ.ഇയുടെ നയത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

