വായു ഗുണനിലവാരം അളക്കാൻ സെന്‍സറുകള്‍
text_fieldsപൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ അധികൃതരെ ഈ സംവിധാനം
സഹായിക്കും
അബൂദബി: കെട്ടിടങ്ങൾക്ക് അകത്തെ വായു ഗുണനിലവാരം അളക്കാൻ നിരീക്ഷണ സെന്‍സറുകള്‍ സ്ഥാപിച്ച് അബൂദബി. ദുബൈയില്‍ നടന്ന ലോക ആരോഗ്യ എക്സ്പോയിലാണ് ഈ സംവിധാനം അവതരിപ്പിച്ചത്. അബൂദബിയിലെയും അല്‍ഐനിലെയും അല്‍ ദഫ്റയിലെയും കെട്ടിടങ്ങള്‍ക്കുള്ളിലെ വായു മലിനീകരണം വിലയിരുത്തുന്നതിനായി 330ലേറെ സ്മാര്‍ട്ട് സെന്‍സറുകളാണ് അബൂദബി പബ്ലിക് ഹെൽത്ത് സെന്റർ (എ.ഡി.പി.എച്ച്.സി) അധികൃതര്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ സെന്‍സറുകള്‍ അതാത് സമയങ്ങളിലെ വായുഗുണനിലവാരം വിശകലനം ചെയ്ത് ഡാറ്റകള്‍ കൈമാറുകയാണ് ചെയ്യുക. സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍, താമസകേന്ദ്രങ്ങള്‍, വാണിജ്യ, വ്യവസായ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായാണ് ഈ ഇന്‍ഡോര്‍ സ്മാര്‍ട്ട് മോണിറ്ററിങ് ഉപകരണങ്ങള്‍ സ്ഥാപിപ്പിച്ചിരിക്കുന്നത്.
ഇന്‍ഡോര്‍ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുക, മുന്‍ഗണനാ ഹോട്ട്സ്പോട്ടുകള്‍ മാപ്പ് ചെയ്യുക, ഡാറ്റ കവറേജ്, നല്ലത് മുതല്‍ ഗുരുതരമായ മലിനീകരണം വരെയുള്ള വായു ഗുണനിലവാര സൂചിക എന്നിവയാണ് എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഡിജിറ്റല്‍ ഡാഷ്ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ അധികൃതരെ ഈ സംവിധാനം സഹായിക്കും. ജൈവ മാലിന്യങ്ങള്‍, പൂപ്പല്‍, ബാക്ടീരിയ എന്നിവയുടെ എണ്ണം നിരീക്ഷിക്കുന്നതിനും ഈ സംവിധാനം സഹായിക്കും.
എമിറേറ്റിലുടനീളം ആരോഗ്യകരമായ ജീവിത അന്തരീക്ഷം പ്രോല്‍സാഹിപ്പിക്കുന്നതിനും പൊതുജന അവബോധം വളര്‍ത്താനും ലക്ഷ്യമിട്ട് പരീക്ഷണ ഘട്ടമായി ആരംഭിച്ചിട്ടുള്ള പദ്ധതിയില്‍ വീടുകളിലെ വായുഗുണനിലവാരം കണ്ടെത്താനായി തിരഞ്ഞെടുക്കപ്പെട്ട താമസക്കാര്‍ക്ക് ഡാഷ്ബോര്‍ഡ് ആക്സസ് നല്‍കിയിട്ടുണ്ട്. എമിറേറ്റിലുടനീളം പൊതുജന അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിത അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ സംരംഭം. നൂതന സാങ്കേതികവിദ്യയും സമൂഹിക ഇടപെടലും സംയോജിപ്പിച്ചുകൊണ്ട്, ശുചിത്വപൂർണവും സുരക്ഷിതവുമായ സാഹചര്യങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായകമാണ് പദ്ധതിയെന്നാണ് വിലയിരുത്തുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ശുദ്ധിയുള്ള ഇൻഡോർ വായു പ്രധാനമാണ്. മികച്ച വായു ഗുണനിലവാരം രോഗം കുറക്കാൻ സഹായിക്കുകയും ജോലിസ്ഥലങ്ങളിലും സ്കൂളുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പഠിക്കുന്നതിനും അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. മികച്ച വായുസഞ്ചാരവും കുറഞ്ഞ ഇൻഡോർ മലിനീകരണവും മൊത്തത്തിലുള്ള കാര്യക്ഷമത വർധിപ്പിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

