ന്യൂ ഇന്ത്യൻ സ്കൂളിൽ സീനിയർ ഹയർസെക്കൻഡറി കെട്ടിടം ഉദ്ഘാടനം ചെയ്തു
text_fieldsന്യൂ ഇന്ത്യൻ സ്കൂളിൽ സീനിയർ ഹയർസെക്കൻഡറി കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടന ചടങ്ങ്
ഉമ്മുൽ ഖുവൈൻ: എമിറേറ്റിലെ മുൻനിര സ്കൂളായ ന്യൂ ഇന്ത്യൻ സ്കൂളിൽ സീനിയർ ഹയർ സെക്കൻഡറിക്കായി പുതിയ ബ്ലോക്ക് സി.ബി.എസ്.ഇ ദുബൈ റീജനൽ ഓഫിസ് ഡയറക്ടർ ഡോ. റാം ശങ്കർ ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന വർണാഭമായ ചടങ്ങിൽ എമിറേറ്റിലെ വിവിധ സർക്കാർ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് വിശിഷ്ടാതിഥികൾ സന്നിഹിതരായിരുന്നു.
ഇതോടെ സി.ബി.എസ്.ഇ സീനിയർ സെക്കൻഡറി തലത്തിൽ അംഗീകാരം നേടുന്ന ഉമ്മുൽ ഖുവൈനിലെ ആദ്യ സ്കൂൾ ആയി ന്യൂ ഇന്ത്യൻ സ്കൂൾ മാറി. പുതിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടന്നു. രാജകുടുംബാംഗവും കമ്യൂണിറ്റി പൊലീസ് വിഭാഗം മേധാവിയുമായ ശൈഖ ഷെസാൽ അൽ മുല്ലയാണ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ഭാവി വിദ്യാഭ്യാസ പദ്ധതികൾക്കായി സ്കൂൾ നടത്തുന്ന മുന്നൊരുക്കങ്ങളെ ശൈഖ തന്റെ പ്രസംഗത്തിൽ പ്രശംസിച്ചു. നവീകരിച്ച കെ.ജി ബ്ലോക്ക് ഉമ്മുൽ ഖുവൈൻ യൂനിവേഴ്സിറ്റി ചാൻസലർ ഡോ. ക്രിസ് റൗഷും വിദ്യാഭ്യാസ വകുപ്പിലെ പ്രതിനിധി ഹുദയും ചേർന്ന് നിർവഹിച്ചു.
പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ കേണൽ നാസർ ബിൻ യൂസഫ്, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, സ്കൂൾ ചെയർമാന്റെ പ്രതിനിധി സഹീർ മൊയ്തു, സ്കൂളിലെ അധ്യാപകർ, മറ്റ് ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രിൻസിപ്പൽ ഡോ. സൈഫുദ്ദീൻ ഹംസ സ്വാഗതം പറഞ്ഞു. പരിപാടിയിൽ മാനേജിങ് ഡയറക്ടർ അബ്ദുസ്സലാം ഒലയാട്ട് അധ്യക്ഷത വഹിച്ചു. വിദ്യാർഥികളും അധ്യാപകരും അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.