Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസത്തിന്‍റെ...

പ്രവാസത്തിന്‍റെ ഓർമപ്പുസ്തകവുമായി ഹമീദ് ചങ്ങരംകുളം നാട്ടിലേക്ക് മടങ്ങുന്നു

text_fields
bookmark_border
പ്രവാസത്തിന്‍റെ ഓർമപ്പുസ്തകവുമായി ഹമീദ് ചങ്ങരംകുളം നാട്ടിലേക്ക് മടങ്ങുന്നു
cancel

അജ്മാന്‍: ഫാർമസി പഠന ശേഷം ചങ്ങരംകുളത്ത് മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെ സഹോദരി ഭര്‍ത്താവ് നല്‍കിയ വിസയിലാണ് അബ്ദുല്‍ ഹമീദിന്‍റെ പ്രവാസത്തിന്‍റെ തുടക്കം. 1990 ആഗസ്റ്റില്‍ ബഹറൈനിലായിരുന്നു. അന്ന് സദ്ദാം ഹുസൈന്‍ കുവൈത്ത് പിടിച്ച സമയം. യുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്ത് ആരംഭിച്ച പ്രവാസം അവസാനിക്കുന്നതും ഒരു യുദ്ധ കാലത്ത്.

ബഹറൈനില്‍ ജോലി അന്വേഷിക്കുമ്പോഴാണ് രണ്ടു വര്‍ഷ പ്രവൃത്തി പരിചയമുള്ളവർക്ക് മാത്രമെ ഫാര്‍മസിസ്റ്റ് ജോലി ലഭിക്കൂ എന്ന് അറിഞ്ഞത്. രണ്ടു വര്‍ഷം കഴിച്ചു കൂട്ടുന്നതിനായി പല ജോലികള്‍ ചെയ്തു. ഏകദേശം ഒന്നര വർഷത്തിന് ശേഷം ഫാര്‍മസിസ്റ്റ് ജോലിക്ക് അപേക്ഷിക്കുന്നതിനു രേഖകളുടെ കോപ്പിയെടുക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ജോലി ചെയ്ത സ്ഥാപനത്തിലെ സൂപ്പര്‍ വൈസര്‍ക്ക് ഹമീദ് ഫാര്‍മസിസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ അദ്ദേഹത്തിന്‍റെ ശുപാര്‍ശയില്‍ സ്റ്റോര്‍ കീപ്പര്‍ ആയി സ്ഥാനക്കയറ്റം കിട്ടി.

രണ്ടു വർഷത്തിന് ശേഷം ജോലി നഷ്ടപ്പെട്ടു. പിന്നീട് ഒമ്പത് മാസത്തോളം മറ്റൊരു ജോലിക്കായുള്ള അലച്ചിൽ. ആ സമയം തനിക്ക് പിന്തുണയേകിയത് ഇരട്ടി സ്വദേശിയും സഹമുറിയനുമായ ബെന്നിയാണെന്നത് നന്ദിയോടെ സ്മരിക്കുന്നു. പെരുന്നാള്‍ പോലുള്ള പ്രത്യേക സമയങ്ങളില്‍ താന്‍ പോലുമറിയാതെ തന്‍റെ വീട്ടിലേക്ക് കാശ് അയച്ചിരുന്നതും ബെന്നിയായിരുന്നു. ഒടുവിൽ ബഹ്റൈനിലെ ഗള്‍ഫ് ഫാര്‍മസി ഗ്രൂപ്പില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ലഭിച്ചു. ഒമ്പതു വർഷം അവിടെ തുടർന്നു.

99ല്‍ ബഹറിനില്‍ നിന്നും തിരികെ നാട്ടിലേക്ക് പോന്നു. പ്രവാസത്തിന്‍റെ ഇടവേളയിൽ മിസ്‌രിയയെ ജീവിത സഖിയാക്കി. 2002ലാണ് വീണ്ടും അല്‍ഐനിലെ ഫാര്‍മസിയിലേക്ക് വരുന്നത്. ആ സ്ഥാപനം ഇടക്ക് വെച്ച് പൂട്ടിയതോടെ അബൂദബിയിലെ ഒരു മരുന്ന് വിതരണ കമ്പനിയിലേക്കും അവിടെ നിന്നും മെട്രോ മെഡ് എന്ന സമാന സ്വഭാവമുള്ള മറ്റൊരു കമ്പനിയിലേക്കും മാറി.

ഗള്‍ഫിലെത്തിയപ്പോള്‍ വായന നന്നേ നിന്ന് പോയിരുന്നു. ദുബൈയില്‍ എത്തിയപ്പോൾ വായനക്ക് കൂടുതല്‍ അവസരം ലഭിച്ചു. ‘മാധ്യമ’ത്തിലടക്കം നിരവധി ആനുകാലികങ്ങളില്‍ കഥകളും കവിതകളും പ്രസിദ്ധീകരിച്ചു. പ്രമുഖ ഹോം സിനിമ സംവിധായകന്‍ സലാം കൊടിയത്തൂരിന്‍റെ ഒരു ദിര്‍ഹം കൂടി എന്ന ഹോം സിനിമയില്‍ നായക വേഷവും ചെയ്തു. നിരവധി പരസ്യങ്ങൾക്ക് ശബ്ദവും നല്‍കി. കഥാ കഥനം എന്ന പേരില്‍ സമൂഹ മാധ്യമത്തിൽ സ്വന്തമായി ഒരു പരിപാടി ആരംഭിച്ചു.

ശ്രവണ സുന്ദരമായ ശബ്ദത്തില്‍ കഥയും കവിതയും കേള്‍ക്കാന്‍ നിരവധി ശ്രോതാക്കളും കൂട്ടിന് കിട്ടി. ശ്രോതാക്കളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണം ഈ മേഖലയില്‍ ഉറച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചു. ഫോട്ടോ ഗ്രാഫിയിലും കമ്പക്കാരനായ ഹമീദ് മികച്ച ഒരു ഫാമിലി കൗണ്‍സിലര്‍ കൂടിയാണ്. രണ്ടു വര്‍ഷം മുമ്പ് ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തക മേളയില്‍ കഥാ സമാഹാരമായ ‘ഇപ്പിനു’ പുറത്തിറങ്ങി. ഇദ്ദേഹത്തിന്‍റെ രചനയിൽ മ്യൂസിക് ആൽബങ്ങളും ഇറങ്ങി.

സഞ്ജീദ്, സജീദ്, ഫാത്വിമ ഹാദിയ എന്നവരാണ് മക്കൾ. അഭിനേതാവ്, കൗൺസിലർ, ഗായകൻ, ഫോട്ടോ ഗ്രാഫർ, എഴുത്തുകാരൻ, കച്ചവടക്കാരൻ, പ്രഭാഷകൻ, ഗാന രചയിതാവ്, അവതാരകൻ തുടങ്ങിയ നിരവധി മേഖലകളിൽ പ്രവാസ ലോകത്ത് അടയാളപ്പെടുത്തിയിട്ടുണ്ട്. നാട്ടിലെത്തിയാല്‍ അനുഗ്രഹീതമായി ലഭിച്ച ശബ്ദവും അഭിനയത്തോടുള്ള അഭിനിവേശവും കൊണ്ട് ശിഷ്ട ജീവിതം മുന്നോട്ട് കൊണ്ട് പോകണമെന്നാണ് ആഗ്രഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsUAE NewsGulf NewsLatest News
News Summary - send off
Next Story