മീൻപിടിത്ത ബോട്ടുകളിൽനിന്ന് 108 മില്യൺ ഡോളറിന്റെ മയക്കുമരുന്ന് പിടികൂടി
text_fieldsമനാമ: ഇന്ത്യൻ മഹാ സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്ന മീൻപിടിത്ത ബോട്ടുകളിൽനിന്ന് 108 മില്യൺ ഡോളർ മൂല്യമുള്ള മയക്കുമരുന്ന് പിടികൂടി. ബഹ്റൈൻ ആസ്ഥാനമായ ടാസ്ക് ഫോഴ്സാണ് ഫ്രഞ്ച് യുദ്ധക്കപ്പലിന്റെ സഹായത്തോടെ മയക്കുമരുന്ന് പിടിച്ചത്. 2265 കിലോ ഹെറോയിൻ, 242 കിലോ മെത്തംഫെറ്റാമിൻ എന്നിവ പിടിച്ചെടുത്തവയിൽ പെടുന്നു. നാലു ബോട്ടുകളിലാണ് ഇവ കൊണ്ടുപോയത്.
ബഹ്റൈൻ ആസ്ഥാനമായ സംയുക്ത നാവിക സംരംഭത്തിലെ അഞ്ചു ടാസ്ക് ഫോഴ്സുകളിലൊന്നാണ് സി.ടി.എഫ്150. ഈ വർഷം ഇതുവരെ 203 മില്യൺ യു.എസ് ഡോളറിനു തുല്യമായ മയക്കുമരുന്ന് സി.ടി.എഫ് പിടിച്ചിട്ടുണ്ട്. ഗൾഫ് ഓഫ് ഒമാൻ, അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവയിൽ നടക്കുന്ന അനധികൃത ഇടപാടുകളും മയക്കുമരുന്നും ആയുധക്കടത്തും കണ്ടെത്താനാണ് സി.ടി.എഫ് രൂപവത്കരിച്ചിരിക്കുന്നത്.