ബറഖ ആണവനിലയത്തിന്‍റെ സുരക്ഷാ മേല്‍നോട്ടം ശക്തമാക്കി
text_fieldsഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ (എഫ്.എ.എന്‍.ആര്‍) ഡയറക്ടര്‍ ജനറല്‍ ഹമദ് അല്‍ കഅബി ബറഖ ആണവനിലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍
അബൂദബി: യു.എ.ഇയുടെ ആണവോര്‍ജ പദ്ധതികളുടെ സുരക്ഷയും അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ബറഖ ആണവനിലയത്തിന്‍റെ പ്രവര്‍ത്തനങ്ങളിലും സുരക്ഷാ മേല്‍നോട്ടത്തിലും നിരീക്ഷണം ശക്തമാക്കി ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ (എഫ്.എ.എന്‍.ആര്‍). പ്ലാന്‍റിലുണ്ടായ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ ഇടപെടല്‍. സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ ഡയറക്ടര്‍ ജനറല്‍ ഹമദ് അല്‍ കഅബി ബറഖ ആണവനിലയത്തില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.
നിലയത്തിലെ നാല് യൂനിറ്റുകളുടെയും നിലവിലെ പ്രവര്‍ത്തന പുരോഗതി, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ഇന്ധനം നിറയ്ക്കല്‍ പ്രക്രിയകള്‍, കൃത്യമായ അറ്റകുറ്റപ്പണികള്‍ എന്നിവ സന്ദര്‍ശനവേളയില്‍ ഡയറക്ടര്‍ ജനറല്‍ വിലയിരുത്തി. യു.എ.ഇയുടെ ആണവോര്‍ജ പദ്ധതികള്‍ പൂര്‍ണമായും സുരക്ഷിതവും സമാധാനപരവുമായ ലക്ഷ്യങ്ങളോടെയുമാണ് മുന്നോട്ടുപോകുന്നതെന്ന് ഉറപ്പാക്കാന്‍ സ്വതന്ത്ര നിയന്ത്രണ മേല്‍നോട്ടത്തിലൂടെ അതോറിറ്റിക്ക് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്ലാന്‍റില്‍ അടുത്തിടെയുണ്ടായ അപ്രതീക്ഷിത സംഭവത്തോട് അടിയന്തരമായി പ്രതികരിക്കുകയും സാഹചര്യം വിജയകരമായി നേരിടുകയും ചെയ്ത പ്രത്യേക സംഘങ്ങളുമായി ഹമദ് അല്‍ കഅബി കൂടിക്കാഴ്ച നടത്തി. സുരക്ഷ, അടിയന്തര പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ കൃത്യസമയത്ത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞതിലൂടെ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും പരിസ്ഥിതിയുടെയും സുരക്ഷ പൂര്‍ണമായി സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിയന്തര ഘട്ടത്തില്‍ പ്ലാന്‍റ് അധികൃതരും ജീവനക്കാരും പ്രകടിപ്പിച്ച ഉയര്‍ന്ന ഏകോപനവും പ്രൊഫഷനലിസവും യു.എ.ഇയുടെ ആണവ സുരക്ഷാ-നിയന്ത്രണ സംവിധാനങ്ങളുടെ കരുത്താണ് തെളിയിക്കുന്നത്. ഏത് സാഹചര്യത്തിലും ആണവനിലയങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും മികച്ച ആഗോള രീതികള്‍ക്കും അനുസൃതമായി സുരക്ഷിതമായിരിക്കേണ്ടത് അനിവാര്യമാണ്. ഇതിന്‍റെ ഭാഗമായി ബറഖ പ്ലാന്‍റില്‍ സ്ഥിരമായി ക്യാമ്പ് ചെയ്യുന്ന അതോറിറ്റിയുടെ എട്ട് റെസിഡന്‍റ് ഇന്‍സ്‌പെക്ടര്‍മാരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ആണവ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കാനും നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തുന്ന സേവനങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

