ദുബൈ: എക്സ്പോ 2020 ദുബൈയുടെ സുരക്ഷാ മുൻകരുതലിെൻറ ഭാഗമായി പൊലീസ് മോക്ഡ്രിൽ ആരംഭിച്ചു. ചൊവ്വാഴ്ച തുടങ്ങിയ പരിശീലനം ബുധനാഴ്ചയാണ് അവസാനിക്കുക. സുരക്ഷാവിഭാഗത്തിെൻറ സന്നദ്ധതയും തയാറെടുപ്പുകളും പിഴവില്ലാത്തതാണെന്ന് ഉറപ്പുവരുത്തലാണ് ഇതിെൻറ ഉദ്ദേശ്യം. നഗരിയുടെ സമീപത്തെ ഭാഗങ്ങളിലെ സുരക്ഷയും പൊലീസ് ഉറപ്പുവരുത്തും.
അടുത്ത മാസം ഒന്നിന് ആരംഭിക്കുന്ന എക്സ്പോയുടെ തയാറെടുപ്പുകൾ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ആഴ്ച നേരിട്ടെത്തി പരിശോധിച്ചിരുന്നു. തിങ്കളാഴ്ച എക്സ്പോ നടത്തിപ്പിനുള്ള സുപ്രീം കമ്മിറ്റി അംഗങ്ങൾ പ്രത്യേകം യോഗംചേർന്ന് മുന്നൊരുക്കം വിലയിരുത്തിയിട്ടുണ്ട്.
യു.എ.ഇ സുവർണ ജൂബിലിയോടൊപ്പം വന്നെത്തുന്ന എക്സ്പോ മികച്ച വിജയമാക്കുമെന്ന് സുപ്രീം കമ്മിറ്റി ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു. നിർമിതബുദ്ധിയടക്കമുള്ള സുരക്ഷാസംവിധാനങ്ങൾ എക്സ്പോക്ക് ഒരുക്കിയതായി ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മആരി വ്യക്തമാക്കി.