നിരീക്ഷണ കാമറകളുടെ വലയത്തിൽ റാസല്‍ഖൈമ
text_fieldsസ്ട്രീറ്റ് ഗ്രൂപ് കമ്പനിയിൽ കാമറ സ്ഥാപിക്കുന്ന ചടങ്ങിനെത്തിയ റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്വാന് അല്‍നുഐമി, ജി.ആര്.എ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ജമാല്‍ അഹ്മദ് അല്‍തയ്ര്‍ തുടങ്ങിയവര്‍ക്ക് നല്കിയ സ്വീകരണം
റാസല്‍ഖൈമ: എമിറേറ്റില്‍ പൊതു -സ്വകാര്യ സ്ഥാപനങ്ങളിലും തന്ത്രപ്രധാന സ്ഥലങ്ങളിലും സ്ഥാപിച്ച സുരക്ഷ കാമറകളുടെ എണ്ണം രണ്ട് ലക്ഷമായതായി റാക് പൊലീസ്. സ്ട്രീറ്റ് ഗ്രൂപ് കമ്പനിയുടെ ആസ്ഥാനത്ത് കാമറ സ്ഥാപിച്ചതോടെയാണ് നിരീക്ഷണ കാമറകളുടെ എണ്ണം രണ്ട് ലക്ഷത്തിലെത്തിയത്.
കാമറ സ്ഥാപിക്കുന്ന ചടങ്ങിൽ റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്വാന് അല്‍നുഐമി, ജനറല്‍ റിസോഴ്സ് അതോറിറ്റി (ജി.ആര്.എ) ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ജമാല്‍ അഹ്മദ് അല്‍തയ്ര്‍, സ്ട്രീറ്റ് വൈസ് ചെയര്മാന് അഹ്മദ് റിദ അബ്ദുല്‍ അസീസ്, ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മൈസൂൻ മുഹമ്മദ് അല്‍ദഹബ്, റാകിസ് ഗവ. കോര്പ്റേറ്റ് കമ്യൂണിക്കേഷന്‍സ് മേധാവി യാസിര്‍ അബ്ദുല്ല അല്‍ അഹ്മദ് തുടങ്ങി നിരവധി ഉദ്യോഗസ്ഥർ സാക്ഷ്യം വഹിച്ചു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സുഊദ് ബിന്‍ സഖര്‍ ആല് ഖാസിമി 2015ല്‍ ആണ് നിരീക്ഷണ കാമറ സ്ഥാപിക്കുന്നതിനായി ഉത്തരവിട്ടത്.
എമിറേറ്റിലുടനീളമുള്ള കുറ്റകൃത്യ നിരക്ക് കുറക്കുന്നതിനും വിപുല നിരീക്ഷണത്തിനും ആക്രമികളെ വേഗത്തില്‍ കണ്ടെത്തുന്നതിനുമുതകുന്ന നൂതന കാമറകളുടെ പ്രവര്‍ത്തനത്തെ അബ്ദുല്ല അല്‍നുഐമി പ്രശംസിച്ചു. ജനങ്ങളുടെയും രാജ്യത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ നിര്‍ദേശം സ്ഥാപനങ്ങള്‍ നടപ്പാക്കുന്നത് നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജി.ആര്.എ നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളിലാണ് റാസല്‍ഖൈമയില്‍ സി.സി.ടി.വി സംവിധാനം ഒരുക്കുന്നത്. ആഭ്യന്തര മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, ഫ്രീസോണ്‍ അതോറിറ്റി, ഇ-ഗവ. അതോറിറ്റി, മുനിസിപ്പാലിറ്റി, വിദ്യാഭ്യാസവകുപ്പ്, മതകാര്യവകുപ്പ്, മാരിടൈം നാവിഗേഷന്‍ അതോറിറ്റി തുടങ്ങിയവയെ ഉള്‍പ്പെടുത്തി രൂപവത്കരിച്ചിട്ടുള്ളതാണ് ജി.ആര്.എ. ജി.ആര്.എ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ വഴിയാണ് സി.സി.ടി.വി സ്ഥാപിക്കേണ്ടത്. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ടെക്നീഷ്യന്മാര്, എന്‍ജിനീയര്‍മാർ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന സ്ഥാപനങ്ങള്‍ക്കാണ് റാസല്‍ഖൈമയില്‍ ജി.ആര്.എ ലൈസന്‍സ് അനുവദിക്കുക.
റാക് പൊലീസും ജി.ആര്.എയും തമ്മിലുള്ള സഹകരണം സുരക്ഷ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പങ്കുവഹിക്കുന്നതായി ജമാല്‍ അഹ്മദ് അല്‍തയ്ര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

