‘സീറോ ബ്യൂറോക്രസി’ പദ്ധതിയുടെ രണ്ടാംഘട്ടം പ്രഖ്യാപിച്ചു
text_fields‘സീറോ ബ്യൂറോക്രസി’ പദ്ധതിയുടെ രണ്ടാംഘട്ടം പ്രഖ്യാപന ചടങ്ങ്
ദുബൈ: നടപടിക്രമങ്ങളിലെ തടസ്സങ്ങൾ ഒഴിവാക്കി സർക്കാർ സേവനങ്ങൾ എളുപ്പത്തിലാക്കുന്നതിന് ആരംഭിച്ച ‘സീറോ ബ്യൂറോക്രസി’ പദ്ധതിയുടെ രണ്ടാംഘട്ടം പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പവും വേഗത്തിലും കാര്യക്ഷമമാക്കുന്നതിന് പ്രചോദനം നൽകുന്ന ദേശീയ പദ്ധതിയാണിതെന്ന് അദ്ദേഹം എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്ന സമയം 70 ശതമാനം വരെ കുറച്ചതായും 4,000ത്തിലേറെ അനിവാര്യമല്ലാത്ത നടപടിക്രമങ്ങൾ ഇല്ലാതാക്കിയതായും, അതുവഴി ഉപഭോക്താക്കളുടെ 12 ദശലക്ഷം യാത്രയുടെയും കാത്തിരിപ്പിന്റെയും സമയം ലാഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. സർക്കാർ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിന് പ്രവർത്തിച്ച 30ലധികം സർക്കാർ സ്ഥാപനങ്ങൾക്കും 690 ടീമംഗങ്ങൾക്കും നന്ദിയറിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ഡിജിറ്റൽ ബ്യൂറോക്രസിയെ ഇല്ലാതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും പുതിയ ഘട്ടമെന്നും സങ്കീർണതയില്ലാത്ത സർക്കാർ, കാത്തിരിപ്പില്ലാത്ത സേവനങ്ങൾ, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ഫലം എന്നിവയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയിൽ നടന്ന രണ്ടാംഘട്ട പ്രഖ്യാപന ചടങ്ങിൽ 200ലധികം മന്ത്രിമാർ, ഡെപ്യൂട്ടി മന്ത്രിമാർ, ഫെഡറൽ സ്ഥാപനങ്ങളുടെ ഡയറക്ടർ ജനറൽമാർ എന്നിവർ പങ്കെടുത്തു. പൗരസേവനങ്ങൾക്ക് മുൻഗണന നൽകുന്നതും നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള യു.എ.ഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നതാണ് സീറോ ബ്യൂറോക്രസി പ്രോഗ്രാമിന്റെ ആദ്യ ഘട്ടത്തിന്റെ വിജയമെന്ന് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവി ചടങ്ങിൽ പറഞ്ഞു.
വർഷത്തിൽ 2,000 സർക്കാർ നടപടിക്രമങ്ങളെങ്കിലും വെട്ടിക്കുറക്കാൻ ലക്ഷ്യംവെച്ചാണ് നേരത്തേ ഒന്നാംഘട്ടം ആരംഭിച്ചിരുന്നത്. ചുവപ്പുനാട ഇല്ലാതാക്കി ജനങ്ങൾക്ക് സേവനം വേഗത്തിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. അനാവശ്യ നടപടിക്രമങ്ങൾ ഇല്ലാതാക്കുന്ന ഉദ്യോഗസ്ഥർക്കും ഉദ്യോഗസ്ഥ സംഘങ്ങൾക്കും വലിയ ഇൻസന്റീവും പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

