മുസഫയിൽ രണ്ടാംഘട്ട പെയ്ഡ് പാർക്കിങ് 20 മുതൽ
text_fieldsമണിക്കൂറിൽ രണ്ട് ദിര്‍ഹമാണ് പാര്‍ക്കിങ് ഫീസ്
അബൂദബി: മുസഫ മേഖലയില്‍ ഏപ്രില്‍ 20 മുതല്‍ പെയ്ഡ് പാര്‍ക്കിങ് സോണുകള്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. എം7, എം8, എം14, എം 15 എന്നിവിടങ്ങളിലായി 10,010 പാര്‍ക്കിങ് സ്‌ഥലങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. മുസഫയിലെ രണ്ടാം ഘട്ട പാര്‍ക്കിങ് സൗകര്യങ്ങളാണിത്. മണിക്കൂറിൽ രണ്ട് ദിര്‍ഹമാണ് പാര്‍ക്കിങ് ഫീസായി ഈടാക്കുക. ഇവിടെ നിശ്ചയദാര്‍ഢ്യ വിഭാഗക്കാർക്കായി പ്രത്യേകമായി പാര്‍ക്കിങ് ഇടങ്ങള്‍ നീക്കിവച്ചിട്ടുണ്ട്. ദര്‍ബ്, താം ആപ്പുകള്‍ മുഖേനയും എസ്.എം.എസ് ആയും പാര്‍ക്കിങ് സ്ഥലത്ത് നേരിട്ടും ഫീസ് അടക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
എമിറേറ്റിലുടനീളം ഗതാഗതം സുഗമമാക്കുന്നതിനും പാര്‍ക്കിങ് ക്രമപ്പെടുത്തുന്നതിനുമായി പെയ്ഡ് പാര്‍ക്കിങ് സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് ഈ വര്‍ഷം ജനുവരിയില്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിവരുന്നത്. പ്രമുഖ വ്യവസായ, വാണിജ്യകേന്ദ്രമായ മുസഫയില്‍ തൊഴിലാളികളുടെയും സന്ദര്‍ശകരുടെയും വർധനവ് മൂലം വലിയ ഗതാഗതത്തിരക്കാണ് അനുഭവപ്പെടുന്നത്. അലക്ഷ്യമായ പാര്‍ക്കിങ് അടക്കമുള്ള കാര്യങ്ങളാണ് ഇതിനു കാരണമായിരുന്നത്. പാര്‍ക്കിങ് സൗകര്യം വിപുലപ്പെടുത്തുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എമിറേറ്റിലെ ഏറ്റവും തിരക്കേറിയ വ്യാവസായിക മേഖലകളിലൊന്നായ മുസഫ പ്രദേശത്ത് ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമായി ജനുവരിയിലാണ് ക്യു മൊബിലിറ്റി പെയ്ഡ് പബ്ലിക് പാർക്കിങ് ആരംഭിച്ചത്. സംവിധാനം 5 സെക്ടറുകളെ ഉൾക്കൊള്ളുകയും 4,680 പാർക്കിങ് സ്ഥലങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. മാർച്ചിൽ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലും നാല് ബഹുനില പാർക്കിങ് സൗകര്യങ്ങൾ തുറക്കുകയും 1,446 പാർക്കിങ് സ്ഥലങ്ങൾ അനുവദിക്കുകയും ചെയ്തു. ഏപ്രിൽ 6 മുതൽ ഒന്നിലധികം വാണിജ്യ മേഖലകളിലായി 10,424 സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുതിയ പെയ്ഡ് പാർക്കിങ് സംവിധാനം നിലവിൽ വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

