ഗ്ലോബൽ വില്ലേജിൽ ‘ലവ് എമിറേറ്റ്സ്’ രണ്ടാം പതിപ്പിന് തുടക്കം
text_fieldsദുബൈ ഗ്ലോബൽ വില്ലേജിൽ ആരംഭിച്ച ലവ് എമിറേറ്റ്സ് പവിലിയനിൽനിന്ന്
ദുബൈ: യു.എ.ഇയോടുള്ള സ്നേഹവും കടപ്പാടും പൊതുജനങ്ങളിൽ ശക്തിപ്പെടുത്തുന്നതിനായി ജി.ഡി.ആർ.എഫ്.എ ദുബൈ സംഘടിപ്പിക്കുന്ന ‘ലവ് എമിറേറ്റ്സ്’ പരിപാടിയുടെ രണ്ടാം പതിപ്പ് ഗ്ലോബൽ വില്ലേജിൽ ആരംഭിച്ചു. ഒന്നാം പതിപ്പിന് സ്വദേശികളിൽനിന്നും വിദേശികൾനിന്നും ലഭിച്ച വലിയ സ്വീകാര്യതയെ തുടർന്ന് ഈ വർഷം കൂടുതൽ വിപുലമായ രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. യു.എ.ഇ സമൂഹ വർഷത്തിന്റെ ഭാഗമായാണ് സംരംഭം.
ഗ്ലോബൽ വില്ലേജിലെ യൂറോപ്യൻ പവിലിയന്റെ എതിർവശത്ത് പ്രത്യേകം ഒരുക്കിയിരിക്കുന്ന പവിലിയൻ നവംബർ 20 മുതൽ 30 വരെ സന്ദർശകരെ സ്വീകരിക്കും. എല്ലാ ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 11 മണി വരെ പ്രവർത്തിക്കുന്ന പവിലിയനിൽ സന്ദർശകർക്ക് യു.എ.ഇയോടുള്ള നന്ദിയും സ്നേഹവും രേഖപ്പെടുത്താനും സന്ദേശങ്ങൾ ഭിത്തികളിൽ പ്രദർശിപ്പിക്കാനും ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ ലവ് എമിറേറ്റ്സ് ഹാഷ്ടാഗോടെ പങ്കുവെക്കാനും അവസരമുണ്ട്. മാത്രവുമല്ല ഇവിടെനിന്ന് വിവിധ സ്മരണിക സമ്മാനങ്ങളും സന്ദർശകർക്ക് ലഭിക്കും.
യു.എ.ഇ തങ്ങളുടെ ജീവിതത്തിൽ നൽകിയ സുരക്ഷിതത്വം, അവസരങ്ങൾ, സഹിഷ്ണുത, സൗഹാർദം എന്നിവയെക്കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങൾ എഴുതാനാകുന്ന ഈ വേദി പ്രവാസികളും പൗരന്മാരും ഒരുപോലെ പങ്കുചേരുന്ന ഒരു മനോഹര പ്ലാറ്റ്ഫോമാണ്. കഴിഞ്ഞ വർഷം ആയിരക്കണക്കിന് സന്ദേശങ്ങൾ പവിലിയൻ മുഴുവൻ നിറച്ചതിനെ തുടർന്ന്, ഇത്തവണ അതിൽനിന്ന് കൂടുതൽ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
യു.എ.ഇയോടുള്ള സ്നേഹവും രാജ്യത്തിന്റെ ആഗോള ഖ്യാതി വർധിപ്പിക്കുന്നതിൽ ജനങ്ങളുടെ പങ്കും എടുത്തുകാണിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും യു.എ.ഇയോടുള്ള അടുപ്പവും സ്നേഹവും സർഗാത്മകമായി പ്രകടിപ്പിക്കാൻ ‘ലവ് എമിറേറ്റ്സ്’
അവസരം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

