കടല്‍പാമ്പുകള്‍; ബീച്ചുകളില്‍ ജാഗ്രത വേണം
text_fieldsഅബൂദബി: കാലാവസ്ഥ വ്യതിയാനത്തിെൻറ ഭാഗമായി താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ മേഖലയിലെ ബീച്ചുകളില്‍ എത്തുന്നവര്‍ കടല്‍പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
കടല്‍പ്പാമ്പുകളെ കണ്ടാല്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും കടിക്കാനിടയായാല്‍ അടിയന്തരമായി ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നും അബൂദബി പരിസ്ഥിതി ഏജന്‍സി നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസം ചില ബീച്ചുകളില്‍ പാമ്പുകളെ കണ്ടെത്തിയിരുന്നു. ഈ ആഴ്ച താപനില കുറയുന്നതിനാല്‍ കൂടുതല്‍ താമസക്കാര്‍ ബീച്ചുകളിലേക്കും മറ്റും പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്.
അബൂദബിയിലെ പല ബീച്ചുകളിലും ബോഗ്നി പോലുള്ള കടല്‍പാമ്പുകളെ കൂടുതലായി കണ്ടുവരാറുണ്ട്.
താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്പോള്‍ കടല്‍പാമ്പുകള്‍ മണലിലും ആഴമില്ലാത്ത ഭാഗങ്ങളിലും എത്തുന്നത് സാധാരണമാണ്. ബീച്ചില്‍ കടല്പാമ്പിനെ കാണുകയാണെങ്കില്‍ തൊടുകയോ പിടിക്കുകയോ ചെയ്യരുത്, സുരക്ഷിതമായ അകലം പാലിക്കുക, സൈറ്റ് മാനേജ്മെൻറിനെ അറിയിക്കുകയോ അബൂദബി സര്‍ക്കാര്‍ നമ്പറായ 800555ല്‍ ബന്ധപ്പെടുകയോ ചെയ്യണമെന്നും അബൂദബി പരിസ്ഥിതി ഏജന്‍സി അധികൃതര്‍ അറിയിച്ചു.

