സമുദ്രനിരപ്പ് ഉയരുന്നു: 2100 ഒാടെ യു.എ.ഇയിൽ നാല് കിലോമീറ്റർ വരെ തീരം നഷ്ടമാകുമെന്ന് പഠനം
text_fieldsഅബൂദബി: സമുദ്രനിരപ്പ് ഉയരുന്നതിനാൽ 2100ഒാടെ യു.എ.ഇയിൽ 2.26 കിലോമീറ്റർ മുതൽ 3.81 കിലോമീറ്റർ വരെ തീരം വെള്ളത്തിനടിയിലാകുമെന്ന് പഠനം. എന്നാൽ, കെട്ടിടങ്ങൾ നിർമിച്ചപ്പോൾ തറനിരപ്പ് ഉയർത്തി നിർമിച്ചതിനാൽ മിക്ക എമിറേറ്റുകളിലും ഇത് വെള്ളപ്പൊക്കത്തിന് കാരണമാകില്ലെന്നും ഇങ്ങനെ ചെയ്യാത്ത തീരപ്രദേശങ്ങളെ ബാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
പ്രതീക്ഷിക്കുന്നതിലും കൂടുതലാണ് തീരം കടലെടുത്തുപോകുന്നതെന്ന് പഠനം പ്രസിദ്ധീകരിച്ച ഗവഷേകരിലൊരാളും അബൂദബി പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് പ്രഫസറുമായ ഡോ. സ്റ്റീഫൻ ലോകിയർ വ്യക്തമാക്കുന്നു. ലോകത്താകമാനം പ്രതിവർഷം സമുദ്രനിരപ്പ് 3.2 മില്ലീമീറ്റർ ഉയരുകയാണ്. ഇത് വഴി വർഷത്തിൽ 2.5 മീറ്റർ കര ഇല്ലാതാകുന്നുവെനാാണ് കണക്ക്. എന്നാൽ, യഥാർഥത്തിൽ 10 മുതൽ 29 മീറ്റർ വരെ കടലെടുക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജിയോ മോർഫോളജി മാഗസിനിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
സമുദ്രനിരപ്പ് ഉയരുന്നതിനെ കുറിച്ചും കാലാവസ്ഥമാറ്റത്തെ കുറിച്ചും നിരവധി പഠനങ്ങൾ നടത്തിയിട്ടുള്ളതതായി അബൂദബി പരിസ്ഥിതി ഏജൻസി വ്യക്തമാക്കി. എന്നാൽ, ഗ്രീൻലാൻഡിലെയും അൻറാർട്ടിക്കയിലെയും മഞ്ഞുപാളികളുടെ ഉരുക്കത്തിൽ നിരവധി അനിശ്ചിതത്വങ്ങളുള്ളതിനാൽ സമുദ്രനിരപ്പ് ഉയരുന്നതിനെ കുറിച്ചുള്ള പ്രവചനത്തിന് നിരവധി പരിമിതികളുണ്ടെന്നും ഏജൻസി പറഞ്ഞു. 2100ൽ സമുദ്രനിരപ്പ് എത്ര ഉയരുമെന്ന് കൃത്യമായി പറയാൻ പ്രയാസമാണ്. സമുദ്രനിരപ്പിലെ മാറ്റം അളക്കുന്നതിന് അബൂദബിയിലെ വിവിധ പ്രദേശങ്ങളിൽ തിരമാലമാപിനി സ്ഥാപിച്ചിട്ടുണ്ടെന്നും ഏജൻസി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
