അബൂദബിയിൽ കടലിന് മുകളിലൂടെ യാത്ര ചെയ്യാൻ സീ ഗ്ലൈഡർ
text_fieldsഅബൂദബി: അബൂദബി നിവാസികൾക്ക് കടലിന് മുകളിലൂടെ സീ ഗ്ലൈഡറുകൾ ഉപയോഗിച്ച് അധിവേഗത്തിൽ യാത്ര ചെയ്യാൻ അവസരമൊരുങ്ങുന്നു. ഈ രംഗത്തെ യു.എ.ഇയിലെ പ്രമുഖ സാങ്കേതിക വിദ്യ കമ്പനിയായ വെർസ അഡ്വാൻസ്ഡ് മാരിടൈം സർവിസസ് എന്ന കമ്പനിയാണ് അബൂദബിയിൽ ഇലക്ട്രിക് സീ ഗ്ലൈഡറുകൾ വികസിപ്പിക്കുന്നത്.
അബൂദബി സാംസ്കാരിക-ടൂറിസം ഡിപ്പാർട്ട്മെന്റ്, (ഡി.സി.ടി-അബൂദബി), അബൂദബി ഇൻവെസ്റ്റ്മെന്‍റ് ഓഫിസ് (എ.ഡി.ഐ.ഒ), ഇന്റ്ഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്‍റർ (അബൂദബി മൊബിലിറ്റി) എന്നിവർ ചേർന്ന് വെർസയുമായി ഇതിനായി കരാർ ഒപ്പുവെച്ചു. അബൂദബിയിൽ തീരദേശ ഗതാഗതവും വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുന്നതിനൊപ്പം വിനോദ സഞ്ചാരികളെ ആകർഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അബൂദബി സിറ്റിക്കും അൽ ദഫ്റ മേഖലക്കും ഇടയിലായിരിക്കും സീ ഗ്ലൈഡർ ഉപയോഗിച്ചുള്ള യാത്ര. രണ്ടാം ഘട്ടത്തിൽ എമിറേറ്റിലുടനീളം സർവിസ് വ്യാപിപ്പിക്കാനാണ് പദ്ധതി. കടലിൽ നിന്ന് നാല് മീറ്റർ മുതൽ 150 മീറ്റർ വരെ ഉയരത്തിലായിരിക്കും ഇലക്ട്രിക് സീ ഗ്ലൈഡറുകൾ പറക്കുക. അഞ്ചോ ആറോ പേർക്ക് സഞ്ചരിക്കാവുന്ന ചെറു ഗ്ലൈഡറുകളാണ് വികസിപ്പിക്കുന്നത്. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ ഗ്ലൈഡറുകൾ ഉപയോഗിക്കുന്നത് കൊണ്ട് അന്തരീക്ഷ മലിനീകരണവും ഉണ്ടാവില്ല.
യു.എ.ഇയിലെ ആദ്യ സീഗ്ലൈഡർ ഓപറേറ്റർമാരായ വെർസ 2022ൽ മുതൽ ഇലക്ട്രിക് സീഗ്ലൈഡറുകൾ വികസിപ്പിച്ചുവരുന്നുണ്ട്. പുതിയ കരാർ പ്രകാരം സീ ഗ്ലൈഡറുകൾ വിന്യസിക്കുന്നതിന്‍റെ പാരിസ്ഥിഥിതികവും വാണിജ്യപരവും പ്രവർത്തനപരവുമായ സാധ്യതകളെ കുറിച്ചുള്ള പഠനവും വെർസ നടത്തും. അബൂദബിയുടെ വിശാലമായ ടൂറിസം ലക്ഷ്യങ്ങൾക്ക് അനുസൃതമായി റൂട്ടുകളും ഷെഡ്യൂളുകളും നിശ്ചയിക്കുന്നതുൾപ്പെടെ പ്രവർത്തന മാതൃകകളും ഇവർ പരിശോധിക്കും. തുടർന്ന് 2028ൽ സീ ഗ്ലൈഡറുകൾ എമിറേറ്റിൽ വാണിജ്യാടിസ്ഥാനത്തിൽ സർവിസ് തുടങ്ങാനാണ് പദ്ധതി.
സീ ഗ്ലൈഡർ പോലെ നൂതനവും പരിസ്ഥിതി സൗഹൃദപരമായ ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ അബൂദബിയുടെ കണക്ടിവിറ്റി മെച്ചപ്പെടുത്തുക മാത്രമല്ല, താമസക്കാർക്കും ടൂറിസ്റ്റുകൾക്കുമായി സുസ്ഥിരമായ വളർച്ചയെ ത്വരിതപ്പെടുത്തുകയും സമാനതകളില്ലാത്ത അനുഭവം സമ്മാനിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ഡി.സി.ടി അബൂദബി ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഗെസിറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

