സ്കൂട്ടർ മോഷണം; പ്രതിയെ നാടുകടത്താനുള്ള വിധി റദ്ദാക്കി കോടതി
text_fieldsദുബൈ: ഇലക്ട്രിക് സ്കൂട്ടർ മോഷ്ടിച്ച കേസിൽ പ്രതിയെ നാടുകടത്താനുള്ള കീഴ്കോടതി വിധി ദുബൈ അപ്പീൽ കോടതി റദ്ദാക്കി. കേസിൽ ഒരു മാസത്തെ ജയിൽ ശിക്ഷയും 700 ദിർഹം പിഴയുമാണ് കീഴ്കോടതി വിധിച്ചിരുന്നത്. ശിക്ഷ കാലാവധിക്കുശേഷം പ്രതിയെ നാടുകടത്തണമെന്നും നിർദേശിച്ചിരുന്നു. ഇതിനെതിരെ പ്രതി നൽകിയ അപ്പീലിലാണ് അപ്പീൽ കോടതി അനുകൂലമായി വിധി പ്രസ്താവിച്ചത്. അറബ് വംശജന്റെ പരാതിയിൽ ഏഷ്യൻ വംശജനെതിരെയാണ് കീഴ്കോടതി വിധി പ്രസ്താവിച്ചത്.
ദുബൈ സിലിക്കൻ ഒയാസിസിൽ പാർക്ക് ചെയ്തിരുന്ന ഇയാളുടെ ഇ-സ്കൂട്ടർ ഏഷ്യൻ വംശജൻ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. വീട്ടിൽനിന്ന് ഓഫിസിലേക്ക് പോകുമ്പോൾ ഒരേ സ്ഥലത്താണ് സ്ഥിരമായി സ്കൂട്ടർ സൂക്ഷിച്ചിരുന്നത്. ഒരു ദിവസം വാഹനം കാണുന്നില്ല. പലയിടങ്ങളിലും തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.പൊലീസ് പ്രദേശത്തെ സി.സി.ടി.വി കാമറ പരിശോധിച്ചാണ് മോഷ്ടാവിനെ കണ്ടെത്തിയത്. പരാതിക്കാരൻ പരിസരത്തെ റസ്റ്റാറന്റിലേക്ക് കയറി ഉടൻ പ്രതി ഏതോ ഉപകരണം ഉപയോഗിച്ച് സ്കൂട്ടറിന്റെ ലോക്ക് തകർത്ത് സ്കൂട്ടറുമായി സ്ഥലംവിടുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

