ശൈത്യകാല അവധിക്ക് ശേഷം സ്കൂളുകൾ നാളെ തുറക്കും
text_fieldsദുബൈ: യു.എ.ഇയിലെ വിദ്യാലയങ്ങൾ ശൈത്യകാല അവധിക്ക് ശേഷം തിങ്കളാഴ്ച തുറക്കും. ഡിസംബർ എട്ട് മുതലാണ് ശൈത്യകാല അവധി ആരംഭിച്ചത്. ചില വിദ്യാലയങ്ങളിൽ രണ്ട് ആഴ്ചമാത്രമായിരുന്നു അവധി. ക്രിസ്മസ് ആഘോഷത്തിനും പുതുവർഷാഘോഷത്തിനും ശേഷമാണ് വിദ്യാർഥികൾ വിദ്യാലയങ്ങളിൽ എത്തിച്ചേരുന്നത്. ഏഷ്യൻ വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷകളുടെയും പഠനപ്രവർത്തനങ്ങളുടെയും കാലമാണ് വരാനിരിക്കുന്നത്. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ അടുത്തമാസത്തിലാണ് നടക്കുക.
ഇതേ ക്ലാസുകളിലെ പ്രായോഗിക പരീക്ഷകൾ ജനുവരിയിൽത്തന്നെ തുടങ്ങുന്നുണ്ട്. കേരള പാഠ്യപദ്ധതി സ്കൂളുകളിൽ മാർച്ചിലാണ് 10, 12 ക്ലാസുകളിലെ പരീക്ഷ. മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷകളും മാർച്ചിലാണ്. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷകളും മാർച്ചിൽ നടക്കും. യു.എ.ഇ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും രണ്ടാം പാദത്തിന്റെ ആരംഭമാണ് നാളെ. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ളവ വാർഷിക പരീക്ഷകൾക്ക് ശേഷവും യു.എ.ഇ പാഠ്യപദ്ധതിയിലുള്ളവയും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ളവയും രണ്ടാം പാദത്തിന് ശേഷവും മാർച്ച് പകുതിയോടെ വസന്തകാല അവധിക്കായി അടക്കും.
അവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോയവരും വിനോദയാത്രക്കായി മറ്റു രാജ്യങ്ങളിലേക്ക് പോയവരും തിരികെയെത്തി തുടങ്ങി. സ്കൂളുകൾ തുറക്കാനിരിക്കെ, രാജ്യത്തെ വിമാനത്താവളങ്ങളിൽ തിരക്കേറിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിലാണ് ഏറ്റവും തിരക്ക് പ്രതീക്ഷിക്കുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അബൂദബി അന്താരാഷ്ട്ര വിമാനത്താവളം, ഷാർജ അന്താരാഷ്ട്ര വിമാനത്താവളം, റാസൽഖൈമ വിമാനത്താവളം എന്നിവിടങ്ങളിലെല്ലാം തിരക്ക് വർധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

