സ്കൂളുകളിൽ എ.ഐ പഠനം; സ്മരണികയായി സ്റ്റാമ്പ്
text_fieldsസ്കൂൾ പാഠ്യപദ്ധതിയിൽ എ.ഐ ഉൾപ്പെടുത്തിയതിനെ അടയാളപ്പെടുത്തി എമിറേറ്റ്സ് പോസ്റ്റ് പുറത്തിറക്കിയ സ്റ്റാമ്പ്
ദുബൈ: യു.എ.ഇയിലെ ദേശീയ സ്കൂൾ പാഠ്യപദ്ധതിയിൽ നിർമിതബുദ്ധി(എ.ഐ) ഉൾപ്പെടുത്തിയതിനെ അടയാളപ്പെടുത്തി എമിറേറ്റ്സ് പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കി. 2025-2026 അധ്യയനവർഷത്തിൽ സർക്കാർ സ്കൂളുകളിൽ ‘എ.ഐ’ ഒരു പ്രധാന വിഷയമായി രാജ്യവ്യാപകമായി നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.
കിന്റർഗാർട്ടൻ മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കുന്നത്.
‘സാമൂഹിക വർഷം-നിർമിതബുദ്ധിയിലൂടെ വിദ്യാഭ്യാസം’ എന്ന തലക്കെട്ടിൽ നാല് വ്യത്യസ്ത സ്റ്റാമ്പുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
സ്മാർട്ട് ഉപകരണങ്ങൾ, റോബോട്ടിക്സ്, ഡ്രോണുകൾ പോലുള്ള നൂതന സാങ്കേതികവിദ്യ എന്നിവയുമായി വിദ്യാർഥികൾ ഇടപഴകുന്ന ആധുനിക ക്ലാസ് റൂമുകളെയാണ് സ്റ്റാമ്പ് ഡിസൈനുകളിൽ ചിത്രീകരിക്കുന്നത്. യു.എ.ഇയുടെ വികസനയാത്രയിലെ പ്രധാന നാഴികക്കല്ലുകൾ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എമിറേറ്റ്സ് പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കിയത്. നാഷനൽ നെറ്റ്വർക്ക് ഫോർ ലോജിസ്റ്റിക്സിന്റെ(എൻ.എക്സ്.എൻ) എല്ലാ ശാഖകളിലും ഇപ്പോൾ സ്റ്റാമ്പ് പൊതുജനങ്ങൾക്ക് ലഭ്യമാണ്. ഓൺലൈനിലും വാങ്ങാനുള്ള സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

