സ്കൂളുകൾ തുറന്നു; തിരക്കിലമർന്ന് റോഡുകൾ
text_fieldsസ്കൂൾ തുറന്ന തിങ്കളാഴ്ച ഷാർജയിലെ പ്രധാന റോഡിൽ
അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
ഷാർജ: രണ്ടു മാസത്തെ വേനലവധിക്കുശേഷം തിങ്കളാഴ്ച സ്കൂളുകൾ തുറന്നതോടെ രാവിലെ ഷാർജ റോഡുകൾ കനത്ത ഗതാഗതക്കുരുക്കിലമർന്നു. ഷാർജ-ദുബൈ എമിറേറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റോഡ്, അൽ താവൂൺ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം തിങ്കളാഴ്ച പുലർച്ച മുതൽ സ്കൂൾ ബസുകൾ നിറഞ്ഞപ്പോൾ ഗതാഗതം മന്ദഗതിയിലായി.
രാവിലെ 6.40ഓടെ സഫീർ മാളിൽനിന്ന് അൽ മുല്ല പ്ലാസയിലേക്കുള്ള ഇത്തിഹാദ് റോഡിലെ ട്രാഫിക് ഒച്ചിന്റെ വേഗത്തിലായിരുന്നു നീങ്ങിയത്. കൂടാതെ മുവൈല, അൽ നഹ്ദ, അൽ ഖിസൈസ്, അൽ ബർഷ തുടങ്ങി ഒട്ടുമിക്ക സ്കൂളുകളും സ്ഥിതി ചെയ്യുന്ന മറ്റു പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളിൽ അതിരാവിലെ തന്നെ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
വേനലവധിക്കുശേഷം യു.എ.ഇയിൽ സ്കൂളുകൾ തിങ്കളാഴ്ചയാണ് വീണ്ടും തുറന്നത്. ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ സ്കൂൾ ബസുകൾ നിരത്തിലിറങ്ങാത്തതിനാൽ തിരക്ക് വളരെ കുറവായിരുന്നു.
സുരക്ഷയൊരുക്കി ദുബൈ പൊലീസ്
ദുബൈ: പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനം സ്കൂൾ കുട്ടികൾക്ക് സമ്പൂർണ സുരക്ഷ ഒരുക്കി ദുബൈ പൊലീസ്. രാവിലെ വിവിധ യൂനിറ്റുകളായി തിരിഞ്ഞ് പ്രധാന സ്കൂൾ മേഖലകളിൽ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. സ്കൂൾ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനായി പ്രത്യേക ട്രാഫിക് സേവനവും ലഭ്യമാക്കിയിരുന്നു. അപകടരഹിതമായ ഒരു ദിനം ആചരിക്കുന്നതിനായി സമഗ്രമായ പദ്ധതികളായിരുന്നു ദുബൈ പൊലീസ് ആസൂത്രണം ചെയ്തിരുന്നത്.
സ്കൂൾ തുറക്കുന്ന ആദ്യ ദിനത്തിൽ അപകടരഹിതമായി വാഹനം ഓടിക്കുന്നവർക്ക് നാല് ബ്ലാക് പോയന്റുകൾ കുറക്കുമെന്നായിരുന്നു വാഗ്ദാനം. നിർധനരായ കുട്ടികൾക്ക് സ്കൂൾ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി നടപ്പിലാക്കിയ ബാക് ടു സ്കൂൾ സംരംഭവും വൻ വിജയമായിരുന്നു. പ്രധാന റൂട്ടുകളിലെല്ലാം പൊലീസ് സുരക്ഷ ക്രമീകരണങ്ങൾ വരുത്തിയിരുന്നതായി ജനറൽ ഡിപാർട്ട്മെന്റ് ഓഫ് പ്രൊട്ടക്ടിവ് സെക്യൂരിറ്റി ആൻഡ് എമർജൻസി ഡയറക്ടർ ജനറൽ മേജർ ജനറൽ അബ്ദുല്ല അൽ ഗൈതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

